മര്‍ദിച്ചത് സത്യം; വധുവിന്റെ ബന്ധുക്കളില്‍ നിന്നും ഭീഷണി, രാജ്യംവിട്ടെന്ന് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍


കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഢനക്കേസിലെ പ്രതി രാജ്യം വിട്ടതായി വെളിപ്പെടുത്തല്‍. പ്രതി രാഹുല്‍ പി.ഗോപാലന്‍ തന്നെയാണ് വീഡിയോയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. പെണ്‍കുട്ടിയെ മര്‍ദിച്ചുവെന്നത് ശരിയാണെന്നും എന്നാല്‍ സ്ത്രീധനത്തിനോ കാറിനോ വേണ്ടിയല്ലെന്നും അവളുടെ ഫോണില്‍ പ്രകോപനപരമായ ചില കാര്യങ്ങള്‍ കണ്ടെതിനെ തുടര്‍ന്നാണ് മര്‍ദിച്ചതെന്നാണ് രാഹുല്‍ വ്യക്തമാക്കുന്നത്.

പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ഭാഗത്ത് നിന്നും ഭീഷണിയുളളതിനാലാണ് രാജ്യം വിട്ടതെന്നാണ് രാഹുല്‍ വീഡിയോയിലൂടെ പറയുന്നത്. അതേ സമയം പ്രതി രാജ്യം വിട്ടതായി പോലീസ് സ്ഥിരീകരിച്ചിട്ടില്ല. മെബൈല്‍ ലോക്കേഷന്‍ നോക്കിയപ്പോള്‍ അവസാനമായി കര്‍ണാടകയിലാണെന്നാണ് സൂചന.

അതേസമയം പ്രതി ബംഗുളുരു വഴി സിംഗപ്പൂരിലേയ്ക്ക് കടന്നുവെന്ന് പീഢനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ ഇന്നലെ പറഞ്ഞിരുന്നു. സംഭവത്തില്‍ അന്വേഷണ സംഘം രാഹുലിന്റെ വീട്ടിലെത്തി സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ വീഴ്ചവരുത്തിയ പന്തീരാങ്കാവ് എസ്.എച്ച്. ഒയെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.