കൊട്ടിക്കയറി കുരുന്നുകൾ, ഭക്തിമയമായി നൃത്ത സന്ധ്യ; കൊല്ലം പിഷാരിക്കാവിലെ നവരാത്രി ആഘോഷങ്ങൾ തുടരുന്നു; ജോണി എംപീസിന്റെ ക്യാമറ കണ്ണിലൂടെയുള്ള ചിത്രങ്ങൾ കാണാം


കൊയിലാണ്ടി: കൊല്ലം പിഷാരിക്കാവിലെ നവരാത്രിആഘോഷങ്ങൾക്ക് വർണ്ണവും ശബ്ദവും പകർന്ന് നൃത്ത സന്ധ്യയും തായമ്പക അരങ്ങേറ്റവും. ആവേശമായി ആഘോഷങ്ങൾ തുടരുകയാണ്. ഒൻപതു നാൾ നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്കാണ് പിഷാരിക്കാവ് സാക്ഷ്യം വഹിക്കുന്നത്.

ആർ.ആർ.ആദർശ്, ആർ.ആർ.ഹരി എന്നിവരുടെ തായമ്പക അരങ്ങേറ്റം ആണ് ഇന്ന് നടന്നത്. കാണികൾക്ക് ആവേശം പകർന്ന് നൃത്താർച്ചനയും പരിപാടികൾക്ക് മറ്റു കൂട്ടി. യോജന ബൈജു അവതരിപ്പിക്കുന്ന ഭരതനാട്യവും ആര്യാ കൃഷ്ണ മേലേടത്തിന്റെയും ആവണി തിരുവാതിര സംഘം ഉള്ളിയേരിയുടെയും തിരുവാതിരക്കളിയും സദസ്സിനു മനോഹര കാഴ്ചയൊരുക്കി. രാവിലെ ഒമ്പത് മണിക്ക് പയ്യോളി ഫ്രണ്ട്‌സ് വോയ്‌സ് പയ്യോളി അവതരിപ്പിക്കുന്ന കരോക്കെ ഭക്തിഗാനമേളയോടെ കലാപരിപാടികൾ ആരംഭിച്ചു.

ഇന്നും നൃത്തസന്ധ്യ ഉണ്ടായിരിക്കുന്നതാണ്. രാവിലെ ഒമ്പത് മണിയോടെ പെരുവട്ടൂര്‍ അര്‍ജുനന്‍ ആചാരി അവതരിപ്പിക്കുന്ന വീണക്കച്ചേരിയോടെ ഇന്നത്തെ പരിപാടികൾ ആരംഭിച്ചിരിക്കുന്നത്. പത്തരയ്ക്ക് സി.സുകുമാരന്‍ മാസ്റ്റര്‍ ഊരള്ളൂര്‍ അവതരിപ്പിക്കുന്ന ആധ്യാത്മിക പ്രഭാഷണം. വൈകീട്ട് ആറരയ്ക്ക് കലാമണ്ഡലം സ്വപ്‌ന സജിത്ത് (നാട്യധാര, തിരുവങ്ങൂര്‍) അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. എട്ടരയ്ക്ക് കൊല്ലം ശിവശക്തി കലാപഠന കേന്ദ്രം അവതരിപ്പിക്കുന്ന നൃത്താര്‍ച്ചന എന്നിവ ഉണ്ടായിരിക്കും.

എല്ലാ ദിവസവും രാവിലെ ഏഴരയ്ക്കും വൈകീട്ട് അഞ്ച് മണിക്കും രാത്രി ഒമ്പത് മാണിക്കും കാഴ്ചശീവേലി ഉണ്ട്. മരുതൂര്‍കുളങ്ങര മഹാദേവന്‍, ചെമ്പൂകാവ് വിജയ് കണ്ണന്‍, കൂറ്റനാട് വിഷ്ണു എന്നീ ഗജവീരന്മാരാണ് കാഴ്ചശീവേലിക്ക് അണിനിരക്കുക. കടമേരി ഉണ്ണികൃഷ്ണന്‍ മാരാരുടെ നേതൃത്വത്തില്‍ പ്രഗത്ഭ വാദ്യകലാകാരന്മാര്‍ അണിനിരക്കുന്ന വാദ്യമേളത്തിന്റെയും കോഴിക്കോട് അമൃത്‌നാഥും സംഘവും നയിക്കുന്ന നാദസ്വരത്തിന്റെയും അകമ്പടിയോടെയാണ് ശീവേലി നടക്കുക.

പതിവ് ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ ദീപാരാധനയ്ക്ക് ശേഷം സോപാനസംഗീതം, തായമ്പക, കൊമ്പ്പറ്റ്, കുഴല്‍പ്പറ്റ്, കേളിക്കൈ എന്നീ ക്ഷേത്രകലകള്‍ ഉണ്ട്. നവരാത്രി തുടങ്ങുന്ന തിങ്കളാഴ്ച മുതല്‍ മഹാനവമി ദിവസം വരെ രാവിലെ ആറ് മണി മുതല്‍ ഏഴ് മണി വരെ ക്ഷേത്രാങ്കണത്തില്‍ പിഷാരികാവ് ഭജനസമിതിയുടെ ലളിതാസഹസ്രനാമജപവും നടക്കുന്നു.

വരുന്ന ദിവസങ്ങളിലും വിജയദശമി നാളിലും വിവിധ കലാപരിപാടികള്‍ ക്ഷേത്രാങ്കണത്തില്‍ അരങ്ങേറും. പിഷാരികാവ് ക്ഷേത്രത്തിലെ നവരാത്രി ദിന പരിപാടികള്‍ താഴെ അറിയാം:

ഒക്ടോബര്‍ 1: രാവിലെ ഒമ്പത് മണിക്ക് ഷബീര്‍ദാസും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനസുധ. വൈകീട്ട് ആറരയ്ക്ക് കൊയിലാണ്ടി ഉജ്ജയിനി കലാക്ഷേത്രം & ഫോക്‌ലോര്‍ സെന്റര്‍ അവതരിപ്പിക്കുന്ന നൃത്താര്‍ച്ചന.

ഒക്ടോബര്‍ 2: രാവിലെ ഒമ്പത് മണിക്ക് വിശ്വജിത്ത് ടി അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി. വൈകീട്ട് ആറരയ്ക്ക് പിഷാരികാവ് കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍.

ഒക്ടോബര്‍ 3: ദുര്‍ഗാഷ്ടമി ദിനം. രാവിലെ ഒമ്പതരയ്ക്ക് മുചുകുന്ന് പത്മനാഭനും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍. തുടര്‍ന്ന് എ.വി.ശശികുമാറും സംഘവും അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചന. വൈകീട്ട് പൂജയ്ക്കായി ഗ്രന്ഥം വെപ്പ്. ആറരയ്ക്ക് കൂത്താളി തിളക്കം നൃത്തസംഗീത വിദ്യാലയം അവതരിപ്പിക്കുന്ന നൃത്താര്‍ച്ചന.

ഒക്ടോബര്‍ 4: മഹാനവമി ദിനം. രാവിലെ ഒമ്പത് മണിക്ക് മുചുകുന്ന് പത്മനാഭനും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍. ഒമ്പതരയ്ക്ക് തിരുവങ്ങൂര്‍ ശ്രീ പാര്‍ത്ഥസാരഥി ഭജന്‍ മണ്ഡലി അവതരിപ്പിക്കുന്ന ഭക്തിഗാനാമൃതം. വൈകീട്ട് ആറരയ്ക്ക് കൊയിലാണ്ടി ഏയ്ഞ്ചല്‍ കലാകേന്ദ്രം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ.

ഒക്ടോബര്‍ 5: വിജയദശമി ദിനം. രാവിലെ ആറ് മണിക്ക് കോഴിക്കോട് അമൃത്‌നാഥും സംഘവും അവതരിപ്പിക്കുന്ന നാദസ്വരക്കച്ചേരി. ഏഴ് മണിക്ക് മുചുകുന്ന് പത്മനാഭനും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍. എട്ടരയ്ക്ക് സരസ്വതീ പൂജ. തുടര്‍ന്ന് ഗ്രന്ഥം എടുക്കല്‍. ഒമ്പത് മണിക്ക് അരിയിലെഴുത്ത്. 9:15 ന് ഹരികൃഷ്ണന്‍.വി.ജിയും ദേവനന്ദ.ബി.എസ്സും അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി.