എന്നാൽ ഇനിയൊരു കഥ ചൊല്ലാം ഞാൻ… കൗതുകമുണർത്തി മുചുകുന്ന് പത്മനാഭനും സംഘവും അവതരിപ്പിച്ച ഓട്ടൻതുള്ളൽ, നൃത്തനൃത്യങ്ങൾ, സംഗീതാർച്ചന; നാട്ടിലെങ്ങും ആഘോഷപ്രഭാവം വിതറി പിഷാരികാവ് ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ
കൊയിലാണ്ടി: കൊല്ലം പിഷാരികാവിലെ നവരാത്രിആഘോഷങ്ങൾക്ക് മാറ്റുകൂട്ടി ഓട്ടൻതുള്ളൽ. ഇന്ന് ദുർഗാഷ്ടമി ദിനത്തിൽ രാവിലെ മുതൽ വിപുലമായ ആഘോഷ പരിപാടികൾ ആണ് നടക്കുന്നത്. ആഘോഷങ്ങൾ ഒൻപതു നാൾ നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾക്കാണ് പിഷാരികാവ് സാക്ഷ്യം വഹിക്കുന്നത്.
ഇന്ന് രാവിലെ ഒമ്പതരയ്ക്ക് മുചുകുന്ന് പത്മനാഭനും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ കാണികളിൽ ആവേശം പകർന്നു. തുടർന്ന് ഭക്തി സാന്ദ്രമായി എ.വി.ശശികുമാറും സംഘവും അവതരിപ്പിക്കുന്ന സംഗീതാർച്ചന. ആഘോഷങ്ങൾക്ക് മാറ്റ് പകർന്ന് ആറരയ്ക്ക് കൂത്താളി തിളക്കം നൃത്തസംഗീത വിദ്യാലയം അവതരിപ്പിക്കുന്ന നൃത്താർച്ചന ഉണ്ടാകും.
ഇന്നലെ രാവിലെ ഒമ്പത് മണിക്ക് വിശ്വജിത്ത് ടി അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി ക്ഷേത്രാങ്കണത്തിലെങ്ങും ഭക്തി സാന്ദ്രമായി, വൈകീട്ട് ആറരയ്ക്ക് പിഷാരികാവ് കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ നടന്നു.
എല്ലാ ദിവസവും രാവിലെ ഏഴരയ്ക്കും വൈകീട്ട് അഞ്ച് മണിക്കും രാത്രി ഒമ്പത് മണിക്കും കാഴ്ചശീവേലി ഉണ്ട്. മരുതൂർകുളങ്ങര മഹാദേവൻ, ചെമ്പൂകാവ് വിജയ് കണ്ണൻ, കൂറ്റനാട് വിഷ്ണു എന്നീ ഗജവീരന്മാരാണ് കാഴ്ചശീവേലിക്ക് അണിനിരക്കുക. കടമേരി ഉണ്ണികൃഷ്ണൻ മാരാരുടെ നേതൃത്വത്തിൽ പ്രഗത്ഭ വാദ്യകലാകാരന്മാർ അണിനിരക്കുന്ന വാദ്യമേളത്തിന്റെയും കോഴിക്കോട് അമൃത്‌നാഥും സംഘവും നയിക്കുന്ന നാദസ്വരത്തിന്റെയും അകമ്പടിയോടെയാണ് ശീവേലി നടക്കുക.
പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ ദീപാരാധനയ്ക്ക് ശേഷം സോപാനസംഗീതം, തായമ്പക, കൊമ്പ്പറ്റ്, കുഴൽപ്പറ്റ്, കേളിക്കൈ എന്നീ ക്ഷേത്രകലകൾ ഉണ്ട്. നാളെ രാവിലെ വരെ ആറ് മണി മുതൽ ഏഴ് മണി വരെ ക്ഷേത്രാങ്കണത്തിൽ പിഷാരികാവ് ഭജനസമിതിയുടെ ലളിതാസഹസ്രനാമജപവും നടക്കുന്നു.
വരുന്ന ദിവസങ്ങളിലും വിജയദശമി നാളിലും വിവിധ കലാപരിപാടികൾ ക്ഷേത്രാങ്കണത്തിൽ അരങ്ങേറും. പിഷാരികാവ് ക്ഷേത്രത്തിലെ നവരാത്രി ദിന പരിപാടികൾ താഴെ അറിയാം:
ഒക്ടോബർ 4: മഹാനവമി ദിനം. രാവിലെ ഒമ്പത് മണിക്ക് മുചുകുന്ന് പത്മനാഭനും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ. ഒമ്പതരയ്ക്ക് തിരുവങ്ങൂർ ശ്രീ പാർത്ഥസാരഥി ഭജൻ മണ്ഡലി അവതരിപ്പിക്കുന്ന ഭക്തിഗാനാമൃതം. വൈകീട്ട് ആറരയ്ക്ക് കൊയിലാണ്ടി ഏയ്ഞ്ചൽ കലാകേന്ദ്രം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ.
ഒക്ടോബർ 5: വിജയദശമി ദിനം. രാവിലെ ആറ് മണിക്ക് കോഴിക്കോട് അമൃത്‌നാഥും സംഘവും അവതരിപ്പിക്കുന്ന നാദസ്വരക്കച്ചേരി. ഏഴ് മണിക്ക് മുചുകുന്ന് പത്മനാഭനും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ. എട്ടരയ്ക്ക് സരസ്വതീ പൂജ. തുടർന്ന് ഗ്രന്ഥം എടുക്കൽ. ഒമ്പത് മണിക്ക് അരിയിലെഴുത്ത്. 9:15 ന് ഹരികൃഷ്ണൻ.വി.ജിയും ദേവനന്ദ.ബി.എസ്സും അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി.