പങ്കെടുത്തത് 52 പേര്‍, പുതിയ ലോണ്‍ അപേക്ഷകള്‍ സ്വീകരിച്ചു; ലോണ്‍ ലൈസന്‍സ് സബ്‌സിഡി മേള സംഘടിപ്പിച്ച് നടുവണ്ണൂര്‍ പഞ്ചായത്ത്


നടുവണ്ണൂര്‍: വ്യവസായ വാണിജ്യ വകുപ്പിന്റെയും നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോണ്‍ ലൈസന്‍സ് സബ്സിഡി മേള സംഘടിപ്പിച്ചു. ജനുവരി 31ന് രാവിലെ 10.30ന് നടുവണ്ണൂര്‍ ബ്രെയിന്‍ പ്ലസ് അക്കാദമി ഹാളില്‍ നടന്ന മേളയില്‍ 52 പേര്‍ പങ്കെടുത്തു.

പുതിയ ലോണ്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതിനോടൊപ്പം, സബ്‌സിഡിയോട് കൂടെയുള്ള ലോണ്‍ സാങ്ക്ഷന്‍ ലെറ്റര്‍, വിവിധ വകുപ്പുകളില്‍ നിന്നും ഉള്ള അനുമതികള്‍ എന്നിവ വിതരണം ചെയ്തു.

നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി. ഒ.മനോജ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ.കെ.എം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദാമോദരന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും തുടര്‍ന്ന് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുധീഷ് ചെറുവത്ത്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ യശോദ തെങ്ങിട, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജര്‍ ജിബീഷ് എന്‍, കേരള ബാങ്ക് മാനേജര്‍ പ്രമോദ്, കനറാ ബാങ്ക് മാനേജര്‍ മോഹിത് ശേഖര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രതിനിധി റോബിന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് വ്യവസായ ഓഫീസര്‍ ഷിബിന്‍ സംരംഭക വികസനം, ലൈസന്‍സ് നടപടിക്രമങ്ങള്‍ എന്നിവയെ കുറിച്ച് ക്ലാസ് എടുത്തു. ബാലുശ്ശേരി ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ നിമിഷ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളും സേവനങ്ങളും വിവരിച്ചു. നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഇ.ഡി.ഇ കീര്‍ത്തന ചടങ്ങിന് നന്ദി പറഞ്ഞു.