ഉപഭോക്താക്കളെ ചേര്‍ക്കരുത്, ക്രഡിറ്റ് അനുവദിക്കരുത്; തുടര്‍ച്ചയായി ചട്ടലംഘനം നടത്തിയ പേടിഎമ്മിന് പൂട്ടിടാന്‍ ആര്‍.ബി.ഐ


മുംബൈ: പേടിഎമ്മിന് മേൽ കർക്കശ നിയന്ത്രണങ്ങളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഫെബ്രുവരി 29 ന് ശേഷം പുതിയ ഉപഭോക്താക്കളെ ചേർക്കരുത്, നിക്ഷേപങ്ങൾ സ്വീകരിക്കരുത്, ക്രെഡിറ്റ് ഇടപാടുകൾ അനുവദിക്കരുത് തുടങ്ങി നിരവധി വിലക്കുകളാണ് പേടിഎമ്മിനുമേൽ ചുമത്തിയത്.

പേടിഎം ഐയ്മെൻ്റ് ബാങ്ക് തുടർച്ചയായി റിസർവ് ബാങ്കിൻ്റെ ചട്ടങ്ങള്‍ ലംഘിക്കുന്നതായി ചൂണ്ടിക്കാണിച്ചു കൊണ്ടാണ് നടപടി. പേടിഎമ്മിൻ്റെ ഇത്തരം നിരുത്തരവാദപരമായ സമീപനത്തിൽ എക്സ്റ്റേണൽ ഓഡിറ്റ് റിപ്പോർട്ടിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

പേടിഎം സേവിങ്സ് അക്കൗണ്ട്, കറൻ്റ് അക്കൗണ്ട്, ഫാസ്ടാഗ്, നാഷ്ണൽ കോമൺ മൊബിലിറ്റ് കാർഡ് തുടങ്ങിയ ഉപയോഗിക്കുന്നതിനും അക്കൗണ്ടിലെ പണം തീരുന്നവരെ അവയിൽ നിന്ന് പണം പിൻവലിക്കുന്നതിനും നിലവിൽ നടസങ്ങളില്ലെങ്കിലും ഇവയിലേക്ക് ഇനി മുതൽ പുതുതായി പണം നിക്ഷേപിക്കാൻ സാധിക്കില്ല.

ഉപയോക്താക്കളുടെ അക്കൗണ്ടുമായി ബന്ധിപ്പിച്ച വാലറ്റുകളും ഫാസ്ടാഗുകളും ടോപ്പ്അപ്പ് ചെയ്യരുതെന്ന നിർദ്ദേശവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നൽകുന്നുണ്ട്. പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ്‌, പേടിഎം പേയ്‌മെന്റ്‌സ്‌ ബാങ്ക്‌ ലിമിറ്റഡ്‌ എന്നിവയുടെ നോഡല്‍ അക്കൗണ്ടുകളും ആര്‍.ബി.ഐ. അവസാനിപ്പിച്ചിട്ടുണ്ടെങ്കിലും  പേടിഎമ്മിന്റെ യു.പി.ഐ. സേവനങ്ങളെ റിസര്‍വ്‌ ബാങ്കിന്റെ നിയന്ത്രണങ്ങള്‍ ബാധിക്കില്ല.