ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന പൊലീസിന്റെ ഉറപ്പ്; സമരം പിന്‍വലിച്ച് കൊയിലാണ്ടിയിലെ ബസ് ജീവനക്കാര്‍


പയ്യോളി: ബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി വടകര മേഖലയിലെ ബസ് തൊഴിലാളികള്‍ പ്രഖ്യാപിച്ച പണിമുടക്ക് പിന്‍വലിച്ചു. ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പയ്യോളി സി.ഐ ഉറപ്പ് നല്‍കിയ സാഹചര്യത്തിലാണ് സമരം പിന്‍വലിക്കുന്നതെന്ന് ബസ് തൊഴിലാളികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

നാളെ മുതല്‍ പതിവുപോലെ ബസ് സര്‍വ്വീസുകള്‍ നടത്തും. ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വ്വീസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പയ്യോളി അങ്ങാടിയില്‍ ബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തിലാണ് തൊഴിലാളികള്‍ പണിമുടക്കിയത്. പേരാമ്പ്ര-പയ്യോളി- വടകര-കൊയിലാണ്ടി -വടകര ബസ്സുകളായിരുന്നു പണിമുടക്കില്‍ പങ്കുചേര്‍ന്നത്.

ആരോമല്‍ ബസ് ഡ്രൈവര്‍ പയ്യോളി ആവിക്കല്‍ സ്വദേശി സായിവിന്റെ കാട്ടില്‍ രൂപേഷിനാണ് കഴിഞ്ഞദിവസം രാത്രി 8 മണിയോടെ മര്‍ദ്ദനമേറ്റത്. ഇയാള്‍ കൊയിലാണ്ടി താലൂക്ക് ഗവ.ആശുപത്രിയില്‍ ചികിത്സ തര്‍ക്കവുമായി ബന്ധപ്പെട്ട് തുറയൂര്‍ പാലച്ചുവടിലും പയ്യോളി അങ്ങാടിയിലും വച്ച് രൂപേഷിന് മര്‍ദ്ദനമേറ്റന്നാണ് ബസ് തൊഴിലാളികള്‍ ആരോപിക്കുന്നത്.