‘ആണുങ്ങളുടെ മാത്രം കുത്തകയല്ലല്ലോ നമ്മുടെ മാവേലി’; കുടുംബശ്രീയുടെ ഓണാഘോഷത്തിന് മാറ്റ് കൂട്ടാന്‍ കൊയിലാണ്ടിയില്‍ മാവേലി വേഷത്തിലെത്തി നടുവണ്ണൂര്‍ സ്വദേശിനി സുനിത


കൊയിലാണ്ടി: കുടുംബശ്രീയുടെ ഓണാഘോഷ പരിപാടിയുടെ മാറ്റ് കൂട്ടി മാവേലി വേഷത്തിലെത്തിയ വനിത. നടുവണ്ണൂര്‍ സ്വദേശിനിയായ കോട്ടൂര്‍ നെല്യാശ്ശേരി സുനിതയാണ് മാവേലിയുടെ വേഷത്തിലെത്തി ശ്രദ്ധ നേടിയത്. സാധാരണയായി പുരുഷന്മാരുടെ മാത്രം കുത്തകയായ മാവേലി വേഷത്തില്‍ സുനിത എത്തിയപ്പോള്‍ സ്ത്രീശാക്തീകരണത്തിന്റെ പുതിയ അധ്യായമായി അത്.

കുടുംബശ്രീ ഹോം ഷോപ്പ് സംഘടിപ്പിച്ച ‘അത്തപ്പൂമഴ’ എന്ന ഓണാഘോഷ പരിപാടിയിലാണ് സുനിത മാവേലിയായി ‘പ്രജകളെ’ കാണാന്‍ എത്തിയത്. വേഷഭൂഷാദികളും കൊമ്പന്‍ മീശയും കിരീടവും ഓലക്കുടയുമെല്ലാമായാണ് സുനിത മാവേലിയായി മാറിയത്. തങ്ങളുടെ മുന്നിലുള്ള മാവേലി വനിതയാണെന്ന് അറിഞ്ഞതോടെ കാഴ്ചക്കാര്‍ക്കും അത് കൗതുകമായി.

നേരത്തേ കോട്ടൂര്‍ പഞ്ചായത്ത് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലും സുനിത മാവേലിയായി എത്തിയിരുന്നു. ചെറുപ്പം മുതല്‍ നൃത്ത, നാടക രംഗങ്ങളില്‍ സജീവമായിരുന്ന ഈ കലാകാരി കഴിഞ്ഞ രണ്ട് വര്‍ഷമായി മാവേലിയുടെ വേഷമണിഞ്ഞ് ഓണാഘോഷങ്ങളിലെത്താറുണ്ട്. കുടുംബശ്രീ ഹോം ഷോപ്പിന്റെ കന്നൂര്‍ ഓഫീസിലെ ജീവനക്കാരിയാണ് സുനിത.