പൊള്ളാച്ചിക്കടുത്ത് പിക്കപ്പ് വാഹനത്തിന് പിന്നില്‍ കാറിടിച്ച് അപകടം; നടുവണ്ണൂര്‍ സ്വദേശിയായ ഇരുപത്തിയൊന്നുകാരന്‍ മരിച്ചു


നടുവണ്ണൂര്‍: പൊള്ളാച്ചിക്കടുത്ത് ഉണ്ടായ വാഹനാപകടത്തില്‍ നടുവണ്ണൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. കിഴക്കോട്ട് കടവിലെ കുവ്വപ്പൊറത്ത് അലീഷ് ആനന്ദ് ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു.

ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പൊള്ളാച്ചിയില്‍ സ്വകാര്യ കമ്പനിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ കേബിള്‍ ജോലി ചെയ്ത് വരികയായിരുന്നു അലീഷ്. ജോലിയുടെ ഭാഗമായുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം.

അലീഷും സഹപ്രവര്‍ത്തകരും സഞ്ചരിച്ചിരുന്ന പിക്കപ്പ് വാഹനത്തിന് പിന്നില്‍ അമിത വേഗത്തിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. വാഹനത്തില് ഉണ്ടായിരുന്ന അലീഷിന്റെ സഹപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

നടുവണ്ണൂര്‍ കിഴക്കോട്ട് കടവിലെ കുവ്വപ്പൊറത്ത് ലീലയുടെയും ആനന്ദന്റെയും മകനാണ് അലീഷ് ആനന്ദ്. സഹോദരങ്ങള്‍ അലന്‍ ആനന്ദ്, അമല്‍ ആനന്ദ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കിഴക്കോട്ട് കടവിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.