ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്: എം.എസ് സൊല്യൂഷന്‍സ് സി.ഇ.ഒ മുഹമ്മദ് ഷുഹൈബ് കീഴടങ്ങി
കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എം എസ് സൊല്യൂഷന്‍സ് സി.ഇ.ഒ മുഹമ്മദ് ഷുഹൈബ് കീഴടങ്ങി. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയാണ് മുഹമ്മദ് ഷുഹൈബ് കീഴടങ്ങിയത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന്റെ തൊട്ടുപിന്നാലെയാണ് കീഴടങ്ങല്‍.
ഷുഹൈബിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഉറവിടം കണ്ടെത്തുകയും ഇതുമായി ബന്ധപ്പെട്ട് എയ്ഡഡ് സ്‌കൂള്‍ പ്യൂണിനെ കഴിഞ്ഞദിവസം അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. മലപ്പുറത്തെ അണ്‍ എയ്ഡഡ് സ്‌കൂളിലെ പ്യൂണ്‍ അബ്ദുല്‍ നാസറിനെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. ഇയാള്‍ക്കെതിരെ വകുപ്പുതല നടപടികള്‍ ആരംഭിക്കാന്‍ വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം മലപ്പുറം ഉപവിദ്യാഭ്യാസ ഡയറക്ടറുടെ പൂര്‍ണ ചുമതലയുള്ള ഡി ഇ ഒ ഗീതാകുമാരി സ്‌കൂള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ചുള്ള എം.എസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനലിലൂടെയാണ് പത്താം ക്ലാസ് ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത്. ഇംഗ്ലീഷ്, കണക്ക് പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് യൂട്യൂബ് ചാനലിന് മലപ്പുറം മേല്‍മുറിയിലെ മഅ്ദിന്‍ ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളിലെ പ്യൂണായ അബ്ദുല്‍ നാസര്‍ ചോര്‍ത്തി നല്‍കിയത്. അണ്‍ എയ്ഡഡ് സ്‌കൂളാണിത്. നേരത്തെ ഇതേ സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്ന എം എസ് സൊല്യൂഷന്‍സിലെ അധ്യാപകന്‍ ഫഹദിനാണ് പ്രതി ചോദ്യപേപ്പറുകള്‍ ചോര്‍ത്തിനല്‍കിയത്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് എം.എസ്. സൊലൂഷസില്‍ നിന്നും ലഭിച്ച പണത്തിന്റെ വിശദാംശങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.