ലോക കിരീടത്തിനായുള്ള പോരാട്ടത്തിൽ കാൽപ്പന്തുരുളുമ്പോൾ കാവലായി മൂടാടിക്കാരനും; ഖത്തർ ലോകകപ്പിൽ ഫിഫ വൊളണ്ടിയറായി തെരഞ്ഞെടുക്കപ്പെട്ട മൂടാടി സ്വദേശി ഫൈസൽ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് മനസ് തുറക്കുന്നു


വേദ കാത്റിൻ ജോർജ്

മൂടാടി: ‘ഹായ് ഫൈസൽ, അഭിനന്ദനങ്ങൾ, നിങ്ങൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു’. തന്നെ തേടിയെത്തിയ ഇ-മെയിൽ സന്ദേശം ആദ്യം വിശ്യസിക്കാൻ കഴിഞ്ഞില്ല ആ മൂടാടിക്കാരന്. കാൽപന്ത് കളിയോട് ഏറെ ഭ്രമമുള്ള ഫൈസലിനെ തേടി ഫിഫ വേൾഡ് കപ്പ് വൊളണ്ടിയർ ടീമിൽ നിന്നായിരുന്നു ആ സന്ദേശം. ലോകകപ്പ് ഫുട്ബോളിന്റെ 22-ാം പതിപ്പ് ഇത്തവണ ഖത്തറിലാണ് നടക്കുന്നത്. നവംബർ 20 മുതൽ ഡിസംബർ 18 വരെയാണ് മത്സരം. കാൽപ്പന്തുകളിയുടെ മാസ്മരികത ആസ്വദിക്കാനായി ലോകത്തിന്റെ നാനാഭാഗങ്ങളിൽ എത്തുന്ന കാണികളെ സ്വാഗതം ചെയ്യാൻ ദോഹയിൽ ഈ മൂടാടിക്കാരനുമുണ്ടാവും.

ഖത്തറിൽ കാൽപ്പന്തുരുണ്ട് തുടങ്ങാൻ ഇനിയും പതിനാറു ദിവസങ്ങൾ ഉണ്ടെങ്കിലും ലോകമെങ്ങും ഇപ്പോഴേ ആവേശക്കൊടുമുടിയിലാണ്. ഖത്തറിൽ ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടയിലാണ് ഫൈസലിനെ തേടി ഈ സന്തോഷ വാർത്ത എത്തിയത്.

‘ഫിഫയുടെ വൊളണ്ടിയറായി ആണ് എന്നെ തിരഞ്ഞെടുത്തത്. സ്റ്റേഡിയത്തിലും ഫാൻ സോണിലുമാണ് എനിക്ക് ചുമതലയുള്ളത്. അറബി അറിയാമെന്നുള്ളത് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ തനിക്കു മുൻതൂക്കം ലഭിക്കാനിടയാക്കി’ -മൂടാടിക്കാരൻ ഫൈസൽ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

അഭിമുഖം നടത്തിയാണ് വൊളണ്ടിയറാവാൻ ആളുകളെ തിരഞ്ഞെടുത്തത്. 60,000 ആളുകളെ ഇന്റർവ്യൂ ചെയ്തതിൽ നിന്നാണ് 16,000 പേരെ വൊളണ്ടിയർമാരായി തിരഞ്ഞെടുത്തത്. ഇവിടെയും ഏറ്റവും കൂടുതൽ മലയാളികൾ തന്നെയാണെന്ന് ഫൈസൽ പറയുന്നു.

‘ലോകത്തിലെ എല്ലാ ഭാഗത്തു നിന്നുമുള്ള വൊളന്റർമാരും ഇവിടെ ഉണ്ട്. എന്നാൽ അതിൽ രണ്ടായിരത്തോളം പേര് മലയാളികളാണ്.’ -ഫൈസൽ പറഞ്ഞു.

പത്തുവർഷങ്ങൾക്കു മുൻപാണ് ഫൈസൽ ഖത്തറിലെത്തുന്നത്. അവിടെ സ്വന്തമായി പച്ചക്കറി കച്ചവടമാണ്. അതിനാൽ ആളുകളെ ദിനവും കാണുകയും ഇടപെടുകയും ചെയ്യുന്നതിനാൽ അവിടെ എത്തി ഒരു വർഷം പിന്നിട്ടപ്പോൾ തന്നെ ഫൈസൽ അറബി പഠിച്ചു. കച്ചവടത്തിന് മാത്രമല്ല താൻ ഏറെ ഇഷ്ടപ്പെടുന്ന ഫുട്ബോൾ മത്സരത്തിൽ ഭാഗമാകാനും ഈ ഭാഷ കാരണമായതിൽ ഉള്ള സന്തോഷത്തിലാണ് ഇദ്ദേഹം.

കാണികളെ എങ്ങനെ സ്വീകരിക്കണം, അവരോടു എങ്ങനെ പെരുമാറണം തുടങ്ങി എല്ലാ കാര്യത്തിലും വളരെ കൃത്യമായ ട്രെയിനിങ്ങാണ് വൊളണ്ടിയർമാർക്ക് നൽകുന്നത്. ഓരോരുത്തരുടെയും ചുമതലകൾ വ്യക്തമാക്കുന്ന വീഡിയോകളുടെ ഉൾപ്പെടെ സഹായത്തോടെയാണ് ക്ലാസുകൾ. യൂണിഫോമും വിതരണം ചെയ്തു. ഇതിനിടയിൽ തന്നെ മൂന്നു വട്ടം ട്രെയിനിങ് നൽകിക്കഴിഞ്ഞു. മത്സരത്തോടടുക്കുമ്പോൾ കൂടുതൽ പരിശീലങ്ങളുണ്ടാവും.

മൂടാടി പാലക്കുളം ജുമാ മസ്ജിദിന്റെ സമീപം കൊല്ലന്റവിടെ മൊയ്തുവിന്റെ മകനാണ് ഫൈസൽ. ഭാര്യ ഷംന കിപ്പാട്ട്, മകൻ മുഹമ്മദ് അയാൻ, മകൾ ഫാത്തിമ ഹൈറ. നാട്ടിൽ ഉണ്ടായിരുന്നപ്പോഴും ഫുട്ബോൾ കളിക്കാൻ മുൻപിലുണ്ടാവുമായിരുന്നു.

ഫുട്ബോൾ പ്രേമികൾ ലോകത്തിന്റെ നാനാ തുറകളിൽ നിന്നെത്തുമ്പോൾ കാൽപ്പന്തുകളിയുടെ ആവേശം മുഴുവൻ ഉൾക്കൊണ്ട് ഫൈസലും കാണും, ഫുട്ബാൾ മാമാങ്കത്തിലേക്ക് ആരാധകരെ സ്വാഗതം ചെയ്യാൻ.