കൊയിലാണ്ടി ഫുട്ബോൾ ആവേശത്തിലേക്ക്; യു. രാജീവൻ മാസ്റ്റർ മെമ്മോറിയൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഇന്ന്


കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഫുട്ബോൾ ആരവമുയരുന്നു. കൊയിലാണ്ടി സ്റ്റേഡിയത്തിലാണ് കാൽപന്തുകളിയുടെ വിസ്മയം തീർക്കാൻ താരങ്ങളെത്തുന്നത്. യൂത്ത് കോൺഗ്രസ് കൊയിലാണ്ടി അസംബ്ലി കമ്മിറ്റിയാണ് യു. രാജീവൻ മാസ്റ്റർ മെമ്മോറിയൽ ഒന്നാമത്‌ അഖിലേന്ത്യാ 7’s ഫ്ലഡ്‌ലൈറ്റ് ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ഇന്ന് വൈകീട്ട് 5 മണിക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. മുൻ ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റാഫി, ഇന്ത്യൻ ആംപ്യൂട്ടി ഫുട്‌ബോൾ ടീം ക്യാപ്റ്റൻ വൈശാഖ് എസ്.ആർ എന്നിവർ മുഖ്യാതിഥികളാവും. ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീൺ കുമാർ യൂത്ത് കോൺഗ്രസ് ജില്ലാ സംസ്ഥാന നേതാക്കൾ പങ്കെടുക്കും. ടൂർണമെന്റിൽ പ്രമുഖ ടീമുകൾക്ക് വേണ്ടി ദേശീയ, അന്തർദേശീയ താരങ്ങൾ അണി നിരക്കും.

വിജയികളാകുന്നവർക്ക് യൂത്ത് കോൺഗ്രസ് കൊയിലാണ്ടി അസംബ്ലി കമ്മിറ്റി നൽകുന്ന 100001 രൂപയും ഇൻകാസ് അബുദാബി കോഴിക്കോട് ജില്ലാ കമ്മിറ്റി നൽകുന്ന വിന്നേഴ്‌സ് ട്രോഫിയും ലഭിക്കും. റണ്ണറപ്പാകുന്ന ടീമിന് ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സ്പോൺസർ ചെയ്യുന്ന 50001 രൂപയും കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സ്പോണ്സർ ചെയ്യുന്ന റണ്ണേഴ്‌സ് ട്രോഫിയുമാണ് ലഭിക്കുക.

സംഘാടക സമിതി ചെയർമാൻ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അജയ് ബോസ്‌, കൺവീനർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് തൻഹീർ കൊല്ലം, ടൂർണമെന്റ് കോ ഓർഡിനേറ്റർ റംഷി കാപ്പാട്, അഭിനവ് കണക്കശ്ശേരി, ഷഫീർ വെങ്ങളം, റാഷിദ് മുത്താമ്പി എന്നിവർ പങ്കെടുത്തു.

Summary: U.Rajeev Master Memorial All India Sevens Football Tournament will begin today