പൂക്കളവും സദ്യയും കലാപരിപാടികളുമായി വേദനകൾ മറന്ന് ഓണാഘോഷം; മേപ്പയ്യൂർ സൗത്ത് സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയര്‍ സംഘടിപ്പിച്ച സ്നേഹസംഗമം ശ്രദ്ധേയമായി


കൊയിലാണ്ടി: കാലങ്ങളായി രോഗത്തിന്റെ പിടിയിലമര്‍ന്ന് വീട്ടിനകത്തെ ഏകാന്തതയില്‍ കഴിഞ്ഞിരുന്നവര്‍ വേദനകള്‍ മറന്ന് ഒത്തുകൂടി. മരുന്നിന്റെയും ചികിത്സയുടേയും ലോകത്തുനിന്ന് കളിയുടേയും ചിരിയുടേയും നിമിഷങ്ങള്‍ സമ്മാനിച്ച അപൂര്‍വസംഗമം.

ഓണത്തോടനുബന്ധിച്ച് മേപ്പയ്യൂർ സൗത്ത് സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയര്‍ സംഘടിപ്പിച്ച സ്നേഹസംഗമത്തിലാണ് വിവിധ രോഗങ്ങളുടെ പിടിയിലകപ്പെട്ട് പുറത്തിറങ്ങാന്‍ പോലും പറ്റാതെപ്രയാസം അനുഭവിക്കുന്ന നൂറ്റി ഇരുപതോളം രോഗികള്‍ ഒത്തുകൂടിയത്.

ഓണപൂക്കളവും ഓണസദ്യയുമെല്ലാമായി നടന്ന ഓണാഘോഷത്തിന്റെ മാറ്റ് കൂട്ടാനായി സിനി ആർടിസ്റ്റ് സിറാജ് തുറയൂരും സംഘവും അവതരിപ്പിച്ച ഗാനമേളയും രോഗികളുടെയും കൂട്ടിരിപ്പുകാരുടേയും വ്യത്യസ്ത കലാപരിപാടികളും  അരങ്ങേറി. എല്ലാവർക്കും ഓണക്കോടിയും വിതരണം ചെയ്തു.

പാലിയേറ്റീവ് വളണ്ടിയർമാരും സുരക്ഷാ പ്രവർത്തകരും സുരക്ഷയെ സ്നേഹിക്കുന്നവരും സംഗമത്തിൽ ഒത്തുചേർന്നു. ടി.കെ.കൺവെൻഷൻ സെന്ററിൽ നടന്ന സ്നേഹസംഗമം സി.പി.ഐ.എം പേരാമ്പ്ര ഏരിയാ സെക്രട്ടറി എം.കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

സുരക്ഷ ചെയർമാൻ എ.സി.അനൂപ് അധ്യക്ഷനായി. സുരക്ഷ ജില്ലാ കൺവീനർ അജയകുമാർ, മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ, മുൻ എം.എൽ.എ എൻ.കെ.രാധ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കുഞ്ഞിരാമൻ, സുരക്ഷ സോണൽ കൺവീനർ കെ.രാജീവൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി.ശോഭ, സി.വി.ഇസ്മയിൽ, ഹോംകെയർ കൺവീനർ കെ.സത്യൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു. സുരക്ഷ ജനറൽകൺവീനർ എൻ.രാമദാസ് സ്വാഗതവും ട്രഷറർ എൻ.പി.കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു.

ചിത്രങ്ങൾ: