കിടപ്പിലായ കുട്ടികൾക്കായി ഓണാഘോഷം; ഓണച്ചങ്ങാതി ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച് എം.എൽ.എ കാനത്തിൽ ജമീല 


കൊയിലാണ്ടി: ബി.ആർ.സി പന്തലായനിയുടെ നേതൃത്വത്തിൽ പൊതു വിദ്യാലയങ്ങൾ ഉൾച്ചേർന്ന ഭിന്നശേഷിയുള്ള കിടപ്പിലായ കുട്ടികൾക്കായി ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. പ്രകൃതി മനോഹരമായ അണേലപ്പുഴയുടെ തീരത്തെ കണ്ടൽ മ്യൂസിയത്തിൽ വച്ച് ശനിയാഴ്ച നടന്ന ഓണാഘോഷ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം എം.എൽ.എ കാനത്തിൽ ജമീല നിർവ്വഹിച്ചു.

ചടങ്ങിൽ മുൻസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു അധ്യക്ഷത വഹിച്ചു . കോഴിക്കോട് ജില്ലാ പ്രൊജക്റ്റ് കോ-ഓഡിനേറ്റർ ഡോ. എ.കെ.അബ്ദുൾ ഹക്കീം മുഖ്യാതിഥിയായി. പന്തലായനി ബി.പി.സി ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ചു.

മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സുധാ കിഴക്കേപാട്ട് സമ്മാനദാനം നിർവ്വഹിച്ചു. പ്രശസ്ത സിനിമാ സംഗീത സംവിധായകനും, ഗായകനുമായ എം.എസ്.ദിലീപ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റർ സിൽജ ബി നന്ദി പറഞ്ഞു.

തീവ്രപരിമിതി അനുഭവിക്കുന്ന കുട്ടികളും രക്ഷിതാക്കളും പങ്കെടുത്ത ഓണാഘോഷ പരിപാടിയിൽ രുചികരമായ സദ്യയും സംഗീത വിരുന്നും ഓണക്കളികളും കലാപരിപാടികളുമൊക്കെ ഒരുക്കിയിരുന്നു. നാട്ടുകാരുടെ സഹകരണത്തോടെയാണ് വർണ്ണാഭമായ ഓണാഘോഷം ഒരുപിടി ഓർമ്മകൾ സമ്മാനിച്ചുകൊണ്ട് നടത്തിയത്.