ഇത് റോഡാണ്, പക്ഷേ നടന്നുപോകാന്‍ പോലും ആരും ധൈര്യപ്പെടില്ല! കിടപ്പുരോഗികളുടെ പരിചരണത്തിനുപോലും ആര്‍ക്കും വരാന്‍ പറ്റാത്ത അവസ്ഥയെന്ന് പ്രദേശവാസികള്‍; കൊഴുക്കല്ലൂരിലെ സമന്വയ കൊക്കര്‍ണി റോഡിന്റെ ശോചനീയാവസ്ഥ ഇനിയും പരിഹരിച്ചില്ലെങ്കില്‍ നിരാഹാരസമരം നടത്തുമെന്ന് നാട്ടുകാര്‍


മേപ്പയ്യൂര്‍: 35 വര്‍ഷം പഴക്കമുള്ള റോഡാണ് കൊഴുക്കല്ലൂരിലെ സമന്വയ കൊക്കര്‍ണി റോഡ്. എന്നാല്‍ ഇന്ന് പേരിന് മാത്രമേ ഇത് റോഡാകുന്നുള്ളൂ, ചളിയും വെള്ളവും കെട്ടിനില്‍ക്കുന്ന കാല്‍നടയായി പോലും പോകാനാവാത്ത തോട് പോലെയാണ് ഈ റോഡെന്നാണ് നാട്ടുകാര്‍ പറയുന്നത്.

രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോകാനും മറ്റുമാണ് നാട്ടുകാര്‍ ഏറെ പ്രയാസപ്പെടുന്നത്. കിടപ്പുരോഗികളെ പരിചരിക്കാന്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റിനുപോലും ഇവിടുള്ള വീടുകളിലേക്ക് വരാന്‍ കഴിയുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ഇതിനുശേഷം നിര്‍മ്മിച്ച പല റോഡുകളും ഗതാഗതയോഗ്യമാക്കിയിട്ടും ഈ റോഡ് ഇന്നും കാല്‍നട യാത്രയ്ക്ക് പോലും കൊള്ളാത്ത അവസ്ഥയില്‍ നിലനില്‍ക്കുന്നത് പഞ്ചായത്തിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടാവാത്തതിനാലാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. നിരവധി തവണ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഒരു പരിഹാരവും ആയിട്ടില്ല. ഇനിയും ഇതിന് പരിഹാരം ആയില്ലെങ്കില്‍ നിരാഹാരം അടക്കമുള്ള സമര പരിപാടികളിലേക്ക് കടക്കേണ്ടിവരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Summary: Meppayyur samanwaya kokkarni road damaged