സ്വാന്തന പരിചരണത്തിനായി കൂടുതൽ സൗകര്യങ്ങൾ, മേപ്പയ്യൂരിൽ ‘സുരക്ഷ’യ്ക്ക് പുതിയ കെട്ടിടം; നാടിന് സമർപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ


മേപ്പയൂർ: മേപ്പയൂർ നോർത്ത് സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ പ്രവർത്തനം ഇനി പുതിയ കെട്ടിടത്തിൽ. പുതുതായി നിർമിച്ച ഇരുനില കെട്ടിടം നാടിന് സമർപ്പിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സാന്ത്വന പരിചരണം സാമൂഹ്യപ്രവർത്തനമാണെന്നും ഇതിനെക്കാളും മെച്ചപ്പെട്ട മറ്റൊരു ജനസേവനമില്ലെന്നും അദ്ദേഹം ഉദ്ഘാടന പ്രസം​ഗത്തിൽ പറഞ്ഞു.

സംസ്ഥാനത്ത് അതി ദരിദ്രരെ കണ്ടെത്തുന്നതിനും കുടുംബത്തിൽ ഒറ്റപ്പെട്ടവരെ കണ്ടെത്തി അവർക്ക് വാതിൽപ്പടി സേവനം ഉറപ്പുവരുത്തുന്നതിനും സർക്കാരിനെ പ്രേരിപ്പിച്ച ഘടകം പാലിയേറ്റീവ് പ്രവർത്തനമാണ്. പാലിയേറ്റീവ് സംവിധാനത്തിന്റെ ഭാഗമായി ഇവരെ സംരക്ഷിച്ച് പൊതുസമൂഹത്തിന്റെ ഭാഗമാക്കാൻ സർക്കാർ നടപടി സ്വീകരിക്കും. രാജ്യത്തെ ഏറ്റവും വികസിത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള ആസൂത്രിത പ്രവർത്തനമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ടി രാജൻ അധ്യക്ഷത വഹിച്ചു. ഹാളും ഫിസിയോ തെറാപ്പി യൂണിറ്റും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എം രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു.

സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കുഞ്ഞമ്മത്, എസ്‌ കെ സജീഷ്, ഏരിയാ സെക്രട്ടറി എം കുഞ്ഞമ്മത്, കെ കുഞ്ഞിരാമൻ, എൻ കെ രാധ, പി പ്രസന്ന, കെ രാജീവൻ തുടങ്ങിയവർ സംസാരിച്ചു. പി പി രാധാകൃഷ്ണൻ സ്വാഗതവും കെ കെ വിജിത്ത് നന്ദിയും പറഞ്ഞു. തുടർന്ന്‌ മെഗാഷോ അരങ്ങേറി. കെട്ടിടം ഉദ്ഘാടനത്തോടനുബന്ധിച്ച് മേപ്പയൂരിൽ ആയിരങ്ങൾ പങ്കെടുത്ത സാംസ്‌കാരിക ഘോഷയാത്ര നടന്നു.

Summary: Meppayur North Suraksha Pain and Palliative is now in the new building ingaurated by m v govindan