ജീവിതശൈലി രോഗങ്ങളും നോമ്പുകാലത്തെ മരുന്ന് ഉപയോഗവും; സല്‍മാന്‍ വെങ്ങളം എഴുതുന്നു
സല്‍മാന്‍ വെങ്ങളം
വിശ്വാസികളില്‍ ആത്മീയ സായൂജ്യത്തിന്റെ ആഹ്ലാദാരവങ്ങളുമായി പുണ്യങ്ങളുടെ പൂക്കാലമാണ് അനുഗ്രഹീതമാസമായ റംസാന്‍. ക്ഷമയുടെയും ദാനധര്‍മ്മങ്ങളുടെയും മാസമാണ് റംസാന്‍. ക്ഷമയുടെ പ്രതിഫലം സ്വര്‍ഗം തന്നെയാണ്. നോമ്പ് എനിക്കുള്ളതാണ്. അതിന്റെ പ്രതിഫലവും ഞാന്‍ തന്നെ നല്‍കുന്നതാണ് എന്ന അല്ലാഹുവിന്റെ വാക്യം നോമ്പിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു.
പവിത്രത നിറഞ്ഞ ഈ മാസത്തെ കുറിച്ച് ഖുര്‍ആനില്‍ പറയുന്നത് ഇപ്രകാരമായി കാണാം: ‘ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശകമായിക്കൊണ്ടും നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ച് കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റംസാന്‍. അതുകൊണ്ട് നിങ്ങളില്‍ ആരാണോ ആ മാസത്തില്‍ സന്നിഹിതരകുന്നുവോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാകുന്നു’- വി.ഖു 2:185
പരിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസത്തില്‍ എല്ലാ വിശ്വാസികള്‍ക്കും നോമ്പ് നിര്‍ബന്ധമാണ്. വ്രതം അനുഷ്ഠിക്കുന്നതിനൊപ്പം ഖുര്‍ആന്‍ പാരായണത്തിനും സകാത്ത് നല്‍കുന്നതിനും ദാനധര്‍മ്മങ്ങള്‍ക്കും വിശ്വാസികള്‍ ഈ മാസത്തില്‍ പ്രധാന്യം നല്‍കുന്നു. ആയിരം മാസങ്ങളേക്കാള്‍ പുണ്യം നിറഞ്ഞ ലൈലത്തുല്‍ ഖദ്റും അവിശ്വാസത്തിനും അധര്‍മ്മത്തിനുമെതിരെ വിശ്വാസത്തിന്റെയും ധര്‍മ്മത്തിന്റെയും പതാക ഉയര്‍ന്ന ബദറിന്റെ മാസം കൂടിയാണ് റംസാന്‍.
പ്രപഞ്ച നാഥന്റെ നിശ്ചയമാണ് സമയ ബന്ധിതമായി വിശ്വാസികള്‍ക്ക് നിര്‍ണയിക്കപ്പെട്ട ആരാധനകള്‍. മനുഷ്യനും സ്രഷ്ടാവും തമ്മിലുള്ള ആത്മബന്ധത്തില്‍ നിന്നാണ് ആരാധനകള്‍ അനുഷ്ഠിക്കപ്പെടേണ്ടത്. ദിനേന അഞ്ചു നേരമുള്ള നിസ്‌കാരവും, റമദാന്‍ മാസം മുഴുവനുമുള്ള വ്രതവും, സമ്പത്തില്‍ മിച്ചമുണ്ടാകുമ്പോള്‍ സകാത്തും, സാധ്യമായാല്‍ ജീവിതത്തിലൊരിക്കല്‍ ഹജ്ജും വിശ്വാസികള്‍ക്ക് നിര്‍ബന്ധമാക്കി. അങ്ങിനെ വിശ്വാസിയുടെ മാനസിക, ശാരീരിക, സാമൂഹിക, സാമ്പത്തിക ജീവതത്തിലെ വിശുദ്ധി കൈവരിക്കണമെന്നാണ് ഇത്തരം വ്യത്യസ്ത രൂപത്തിലുള്ള ആരാധനകള്‍ അനുഷ്ടിക്കുന്നതിലൂടെ ഇസ്ലാം ലക്ഷ്യംവെക്കുന്നത്.
റംസാന്‍ മാസത്തിലെ നോമ്പനുഷ്ഠിക്കാന്‍ ചില നിബന്ധനകള്‍ ഇസ്ലാം മുന്നോട്ട് വെക്കുന്നുണ്ട്. യാത്രക്കാര്‍ക്കും രോഗിക്കും മാസമുറകളുള്ള സ്ത്രീകള്‍ ഇവര്‍ക്കൊന്നും വൃതം അനുഷ്ഠിക്കല്‍ നിര്‍ബന്ധമാവുന്നില്ല. പ്രമേഹം, രക്ത സമ്മര്‍ദ്ദം, മുട്ടുവേദന തുടങ്ങിയ രോഗങ്ങളാലും മറ്റും സ്ഥിരമായ മരുന്ന് ഉപയോഗിക്കേണ്ടവര്‍ക്ക് റംസാന്‍ കാലത്തെ മരുന്ന് ഉപയോഗവും നോമ്പനുഷ്ഠാനവും വലിയ ആശങ്കകള്‍ ഉണ്ടാക്കുന്നതായി ചില പഠനങ്ങളും അനുഭവങ്ങളും വ്യക്തമാക്കുന്നു.
പ്രമേഹം
പ്രമേഹം അഥവാ ഷുഗര്‍ ജീവിത ശൈലീരോഗം, പാരമ്പര്യരോഗം എന്നിങ്ങനെ രണ്ടു ഗണങ്ങളിലും പെടുത്താവുന്ന ഒന്നാണ്. പാരമ്പര്യമായി ഷുഗര്‍ ഉണ്ടെങ്കില്‍ ഇത് വരാനുള്ള സാധ്യത ഏറെയാണ്. ഇതുപോലെ ഭക്ഷണവും ജീവിതശൈലികളുമെല്ലാം തന്നെ പ്രമേഹത്തിന് കാരണമായി വരുന്നവ തന്നെയാണ്. എന്നാല്‍, ഇതല്ലാതെയും ചില പ്രത്യേക സാഹചര്യങ്ങളില്‍ ഷുഗര്‍ വരാം. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, സ്‌ട്രെസ്സ്, പാന്‍ക്രിയാസിനെ ബാധിക്കുന്ന രോഗങ്ങള്‍, പോളി സിസ്റ്റിക് ഓവറി സിന്‍ഡ്രോം തുടങ്ങിയ രോഗങ്ങളും രോഗാവസ്ഥകളും പ്രമേഹസാധ്യത വര്‍ധിപ്പിയ്ക്കുന്നു.
പ്രധാനമായും പ്രമേഹ രോഗത്തിനും രക്തസമ്മര്‍ദത്തതിനും മരുന്ന് കഴിക്കുന്നവരില്‍ റംസാന്‍ കാലത്തുള്ള മരുന്ന് ഉപയോഗത്തില്‍ ചില പിഴവുകളും അസാധാരണ മരുന്ന് ഉപയോഗവും കാരണമായി ചില ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടുവരുന്നു. രക്തത്തില്‍ അനിയന്ത്രിതമായി ഗ്ലുക്കോസിന്റെ അളവ് കൂട്ടുന്ന അവസ്ഥയെയാണ് പൊതുവില്‍ പ്രമേഹം എന്ന് പറയുന്നത്. സാധാരണയില്‍ വെറും വയറ്റില്‍ 70 -110 ഇടയിലും ഭക്ഷണത്തിന് ശേഷം 200ല്‍ താഴെയുമാണ്. എന്നാല്‍ ചിലരില്‍ റംസാന്‍ കാലത്ത് കൃത്യമായ അളവില്‍ മരുന്ന് ഉപയോഗിക്കാത്തത്തിന്റെ ഫലമായും ഭക്ഷണ ക്രമത്തിലെ അമിത ഉപയോഗവുംകൊണ്ട് പ്രധാനമായും മൂന്ന് കാരണങ്ങള്‍ ഇത്തരക്കാരില്‍ കണ്ടുവരുന്ന രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കുറഞ്ഞു 70 ല്‍ താഴെ എത്തുന്ന ഹൈപ്പോഗൈസിമിയ എന്ന അവസ്ഥ. ഇത്തരം അവസ്ഥയുള്ളവര്‍ക്ക് പ്രധാനമായും തളര്‍ച്ച, ക്ഷീണം, തലവേദന, മനം പുരട്ടല്‍, വിയര്‍പ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്നു.
സാധാരണയില്‍ ടൈപ്പ് -1, ടൈപ്പ്-2 പ്രമേഹരോഗത്തിന് ഉപയോഗിക്കുന്ന ഇന്‍സുലിനും ഗ്ലിമിപ്രൈഡ് പോലത്തെ മരുന്ന് ഉപയോഗിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വ്രതകാലത്ത് ഹൈപ്പോഗൈസീമിയയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ ഉടനെ ഗ്ലൂക്കോസ് പരിശോധിച്ച് വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി ഡോക്ടറെ സമീപിക്കേണ്ടതുമാണ്. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വര്‍ധിച്ച് 300ല്‍ മുകളില്‍ എത്തുന്ന ഹൈപ്പര്‍ഗ്ലൈസിമിയ എന്ന അവസ്ഥ. ഇടക്കിടെ മൂത്രമൊഴികള്‍, തളര്‍ച്ച, മങ്ങിയ കാഴ്ച, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്ന രോഗികള്‍ ഉടനെ ഡോകടറെ സഹായം തേടേണ്ടതാണ്.
നിര്‍ജലീകരണം (ഡീഹൈഡ്രേഷന്‍ ) പ്രേമഹത്തിന് ഉപയോഗിക്കുന്ന ചില മരുന്നുകളുടെ ഫലമായും വ്രതസമയങ്ങളില്‍ ജലപാനമില്ലാത്തതും കാരണമായി ശരീരത്തിലെ ജലാംശം കുറയുന്ന അവസ്ഥയാണിത്. ഇത്തരം രോഗികള്‍ റംസാന്‍ സമയത്ത് അത്തരം മരുന്നുകളുടെ ഉപയോഗത്തെ കുറിച്ച് ഡോക്ടരോടോ ഫാര്‍മസിസ്റ്റിനോടോ സഹായം തേടാവുന്നതാണ്. രാത്രികാലങ്ങളില്‍ ജലാംശം കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കല്‍ അഭികാമ്യമാണ്.
രക്ത സമ്മര്‍ദ്ദം
നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന ഹൈപ്പര്‍ടെന്‍ഷന്‍ ഇന്ന് സര്‍വ്വസാധാരണ രോഗമായി മാറിയിരിക്കുന്നു. ജീവിത ശൈലി രോഗങ്ങളിലെ പ്രധാനിയാണ് ഹൈപ്പര്‍ടെന്‍ഷന്‍ അഥവാ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം. ബ്ലഡ് പ്രഷര്‍ 140/ 90 നു മുകളില്‍ വരുന്നത് ചില ഹൃദയത്തിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. കേരളത്തിലെ മധ്യവയസ്സ്‌കരില്‍ 22% ആളുകളിലും ഹൈപ്പര്‍ടെന്‍ഷന്‍ കാണുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതിനാല്‍ ബി.പി ഇടയ്കിടെ പരിശോധിച്ച് ആരോഗ്യനില ഉറപ്പുവരുത്തണം. ജീവിത ശൈലിയിലും ഭക്ഷണക്രമത്തിലും ശ്രദ്ധ ഉണ്ടാക്കിയാല്‍ രക്ത സമ്മര്‍ദത്തെ പ്രതിരോധിക്കാം.
റംസാന്‍ കാലത്ത് ഇത്തരം രോഗികള്‍ കഴിക്കുന്ന മരുന്നിലും അളവിലും കൃത്യത വരുത്തണം. ഡോക്ടറുടെയോ രജിസ്ട്രേഡ് ഫാര്‍മഡിസ്റ്റില്‍ നിന്നോ വിവരങ്ങള്‍ അറിഞ്ഞു വേണം വ്രതകാലത്ത് ഹൈപ്പര്‍ ടെന്‍ഷനുകളുടെ മരുന്ന് ഉപയോഗിക്കേണ്ടത്. മരുന്നുകളുടെ ഉപയോഗത്തിലെ അലസത നോമ്പുകാരില്‍ ഹൃദ്രോഗം പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് എത്തിക്കും.
സാധാരണയില്‍ മരുന്നുകളുടെ ഡോസേജ് ഒരു നേരമോ അല്ലെങ്കില്‍ രണ്ട് നേരമോ ആണെങ്കില്‍ ഇഫ്താറിന്റെയോ അത്താഴ സമയത്തോ കഴിക്കാം. മൂന്നോ നാലോ നേരം കഴിക്കേണ്ട മരുന്നുകളുടെ ഡോസ് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഫാര്മസിസ്റ്റിന്റെ സഹായത്തോടെ അഡ്ജസ്റ്റ് ചെയ്ത കഴിക്കാം.
സാധാരണയില്‍ കണ്ടുവരുന്ന ഇന്‍ഫെക്ഷനുകള്‍ക്കുള്ള ആന്റി ബയോട്ടിക്കിന്റെ ഉപയോഗത്തിലും വൃതമെടുക്കുന്നവര്‍ അതീവ ശ്രദ്ധ ചെലുത്തണം. പകലുകളില്‍ വെള്ളം കുടിക്കുന്നത് കുറയുന്നതിനാല്‍ ചിലരില്‍ മൂത്രത്തില്‍ പഴുപ്പും വേദനയും ഒക്കെ കണ്ട് വരാറുണ്ട്. ഇത്തരം രോഗമടക്കം ഒട്ടുമിക്ക ഇന്‍ഫക്ഷന്‍ രോഗങ്ങളില്‍ ആറ്റുബയോട്ടികളാണ് നല്‍കാറുള്ളത്. ഒന്ന്, രണ്ട് മൂന്ന് നാല് തുടങ്ങിയ സമയങ്ങളില്‍ കഴിക്കേണ്ട മരുന്നുകളും ചില തുള്ളി മരുന്നുകളും വ്രതമെടുക്കുന്നവര്‍ ഡോക്ട്ടറുടെ നിര്‍ദ്ദേശ പ്രകാരം ഫാര്‍മസിറ്റുകളുടെ സഹായത്തോടെ ഡോസ് പൂര്‍ത്തിയാക്കി കഴിക്കണം. സ്വയം ചികിത്സയും മരുന്ന് ഉപയോഗത്തിലെ അശ്രദ്ധയും വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
ഭക്ഷണക്രമവും വ്യായാമവും
ഒരു വ്യക്തിയെ രോഗിയാക്കി മാറ്റുന്നതില്‍ അമിതാഹാരത്തിന്റെ സ്വാധീനം നന്നേ ചെറുതല്ല. പ്രമേഹം, രക്ത സമ്മര്‍ദ്ദം, സ്‌ട്രെസ്സ് തുടങ്ങിയ ഒത്തിരി ആരോഗ്യപ്രശ്‌നത്തെ ഭക്ഷണ ക്രമീകരണം കൊണ്ട് തന്നെ ചെറുക്കാന്‍ കഴിയും. നോമ്പ് മുറിക്കുന്ന സമയത്ത് വയര്‍ നിറച്ച ഭക്ഷിക്കാതെ അല്‍പ്പം മാത്രം കഴിച്ച് കുറച്ച് മണികൂറുകള്‍ക്ക് ശേഷം വീണ്ടും ഭക്ഷണം കഴിക്കുക. അമിതമായ ചായ കാപ്പി പോലുള്ളവയുടെ ഉപയോഗം രക്തസമ്മര്‍ദത്തിനും മറ്റും സഹായമായേക്കും. നന്നായി പാകം ചെയ്ത മധുരവും കൊഴുപ്പും കുറഞ്ഞ ആഹാരങ്ങളും പച്ചക്കറി വിഭവങ്ങളും കൂടുതല്‍ വെള്ളം കുടിക്കലും ഭക്ഷണ ക്രമീകരണത്തില്‍ ഉള്‍പ്പെടുത്തണം. ഭക്ഷണ ക്രമീകരണത്തോടൊപ്പം സമയ നിഷ്ഠയും പാലിക്കുന്നത് നല്ലതാണ്.
വ്രതകാലത്തും കൃത്യമായ വ്യായാമ മുറകള്‍ ചെയ്ത് ആരോഗ്യത്തെ സംരക്ഷിക്കാവുന്നതാണ്. ഒരു വ്യക്തി ഏറ്റവും ചുരുങ്ങിയ രീതിയില്‍ ഒരാഴ്ചയില്‍ 180 മിനുട്‌സ് എങ്കിലും വ്യായാമം ചെയ്യണമെന്നാണ് നടത്തം സൈകിളിങ് പോലത്തെ എയറോബിക് വ്യായമുറകളും മറ്റുംചെയ്ത് നോമ്പുകാലത്ത് ആരോഗ്യത്തെ സംരക്ഷിക്കുക.
സല്‍മാന്‍ വെങ്ങളം
[email protected]