കൊയിലാണ്ടിയിലെ എ.കെ.ജി ടൂര്‍ണമെന്റില്‍ രണ്ട് തവണ ചാമ്പ്യന്മാരായതുള്‍പ്പെടെ നിരവധി വിജയങ്ങള്‍, 1982 ല്‍ തുടങ്ങിയ ജൈത്രയാത്ര ഇന്നും മുന്നോട്ട്; മണമ്മല്‍ വികാസ് ക്ലബ്ബിന്‍റെ ഗൃഹാതുരത ഉണര്‍ത്തുന്ന ഓര്‍മ്മകളെഴുതുന്നു നജീബ് മണമ്മല്‍


 

നജീബ് മണമ്മല്‍

കുട്ടിക്കാലം മുതല്‍ ചേര്‍ത്തുവച്ചതാണ് ‘വികാസ് മണമ്മല്‍’ എന്ന ഞങ്ങളുടെ ക്ലബ്ബ്. നാല്പതില്‍ പരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും കൈ വിടാതെ ചേര്‍ത്ത് പിടിച്ചിട്ടുണ്ട് ഞങ്ങള്‍ ഈ ക്ലബ്ബിനെ. ക്ലബ്ബുകളും വായന ശാലകളും ഒരു കാലത്ത് ഓരോ നാടിന്റെയും അടയാളപ്പെടുത്തലുകളായിരുന്നു.

കല്യാണ വീട്ടുകളില്‍, മരണ വീടുകളില്‍, ഓരോ ഇടവേളകളിലും, സാമൂഹ്യ- സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുമായി, പൂക്കള മത്സരവും ചെസ്സ് മത്സരവും ഇഫ്താര്‍ മീറ്റും ഒക്കേ ആയി ചെറുപ്പക്കാര്‍ സജീവമായിരുന്നു. ഇന്ന് പലതും ഓര്‍മ്മയില്‍ മാഞ്ഞു. നാട്ടിലെ പല മുഖങ്ങളും അപരിചിതമായി. മനം മടുക്കുന്ന വാര്‍ത്തകള്‍ നാട്ടില്‍ പതിവായി.

ഫുട്ട്‌ബോള്‍ കളി തന്നെയായിരുന്നു ബാല്യത്തിലെ പ്രിയപ്പെട്ട വിനോദം.
എല്ലാ നാട്ടിലും വയലുകള്‍ സുലഭമായ കാലത്ത് കളിക്കാര്‍ക്കും പഞ്ഞമില്ലായിരുന്നു. യുവഭാവന, വിക്ടറി കൊരയങ്ങാട്, ലോഫ്റ്റി കുറുവങ്ങാട്, സാഗര അണേല, സെവന്‍ ബ്രദേര്‍സ് ചെങ്കോട്ടുകാവ്, എന്‍.എം.എ.സി പാലക്കുളം, ജുബിലീ കുറുവങ്ങാട്, യങ്ങ് ബ്രദേര്‍സ്, യുവഭാവന കുറുവങ്ങാട്, ജ്ഞാനോദയം ചെറിയ മങ്ങാട്, ചാലഞ്ചേഴ്‌സ് അരിക്കുളം, ടാക്‌സി ബ്രദേഴ്‌സ് കൊയിലാണ്ടി, പി.സി.സി. മേലൂര്‍, ബേബീസ് കൊയിലാണ്ടി, റെഡ് സ്റ്റാര്‍ പൊയില്‍ക്കാവ്, ഫാല്‍ക്കണ്‍സ് പേരാമ്പ്ര തുടങ്ങി എത്രയെത്ര ക്ലബ്ബുകളും കൂട്ടായ്മകളും.

കൊണ്ടും, കൊടുത്തും, ഫുട്ട്‌ബോള്‍ കളിച്ചു നടന്ന കാലം. വലിയ മാച്ചുകളിലൊക്കെ സ്‌പെപഷ്യല്‍ ഇറക്കുന്ന കളിക്കാരെയും കൊണ്ട് ജീപ്പിന് പിറകില്‍ തൂങ്ങിയാണ് കളികാണാന്‍ പോവുക. അങ്ങനെ പാറപ്പള്ളിയും അര്‍ജുന്‍ കുന്നും പാലക്കുളമൊക്കെ കളികാണാനെത്തും.

സ്‌പെഷ്യല്‍ ഇറക്കുമതി ചെയ്യ്ത കളിക്കാര്‍ക്ക് കളി കഴിഞ്ഞാല്‍ ചിക്കന്‍ കറിയും പൊറോട്ടയും. ഞങ്ങള്‍ക്ക് എല്ലാം കറിയും പൊറാട്ടയും മാത്രം. അതിന്റെ ഫൈനാന്‍സ് അഡ്ജസ്റ്റ് ചെയ്യാന്‍ ടീം മാനേജര്‍ അസീകാ പാടുപെടുന്നത് കാണാറുള്ളതുകൊണ്ട് ആ പൊറോട്ടയും കറിയും തന്നെ അധികമാണ്.

ഇന്ന് കളി സംസ്‌കാരം മാറി കഴിഞ്ഞു. കളിയില്‍ പങ്കെടുക്കാന്‍ വലിയ സംഖ്യ വേണം. പങ്കെടുക്കുന്നവര്‍ക്കും വലിയ പൈസ കൊടുക്കണം. എല്ലാം ബിസിനസ് ആയി മാറിയ സ്ഥിതിക്ക് നാട്ടിലെ കളിക്കാര്‍ക്ക് അവസരം കിട്ടുന്നില്ല.

കളിക്കാനുള്ള സ്ഥലങ്ങളും മാറിക്കഴിഞ്ഞല്ലോ. വയലുകളും കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്ക് വഴി മാറി. ഒന്ന് കളിക്കണമെങ്കില്‍ മണിക്കൂറില്‍ ആയിരങ്ങള്‍ അങ്ങോട്ട് കൊടുക്കേണ്ട അവസ്ഥ.. പണ്ട് വയലിനപ്പുറം കൃഷി ചെയ്യുന്ന മോഹനേട്ടന്റെ ചീര കൃഷിയിലേക്ക് പന്തു പോകുന്ന ടെന്‍ഷന്‍ ഒഴിച്ചാല്‍ ബാക്കിയെല്ലാം ഫ്രീ ആയിരുന്നു.

ഒട്ടനവധി ടൂര്‍ണമെന്റില്‍ ഞങ്ങള്‍ വിജയം നേടി. കൊയിലാണ്ടിയിലെ പ്രബലമായ എ.കെ.ജി. ഫുട്ട്‌ബോള്‍ ടൂര്‍ണമെന്റില്‍ രണ്ടു പ്രാവശ്യം വിജയികളായി. കളി മൈതാനങ്ങളില്‍ പലരും ഇപ്പോഴും വികാസിനെ ഓര്‍ത്തെടുക്കുന്നതും പറയുന്നതും കേള്‍ക്കുമ്പോള്‍ ഏറെ അഭിമാനം തോന്നാറുണ്ട്.

ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി നാലില്‍ തുടങ്ങിയ ക്ലബ്ബ് ഇന്നും സജീവമായി മുന്നോട്ട് പോവുന്നതില്‍ ഓരോ തലമുറയിലേക്കും വികാസ് കൈമാറിയ മൂല്യങ്ങളും ‘സ്‌പോര്‍ട്ട്മാന്‍’ സ്പിരിറ്റുമുണ്ട്. വികാസിനെപ്പോലെ കൊയിലാണ്ടി പ്രദേശത്തെ അനേകം ക്ലബ്ബുകളുടെയും വായനശാലാ കൂട്ടായ്മകളുടെയും കഥ ഇതുതന്നെയാണ്. പുതുതലമുറയെ അരാഷ്ട്രീയവല്‍ക്കരിച്ച് പോവാതെ സമൂഹത്തോട് ചേര്‍ത്തുനിര്‍ത്താനും രാഷ്ട്രീയ ബോധ്യത്തോടെയും സാമൂഹിക പ്രതിബദ്ധതയോടെ വളര്‍ത്താനും വികാസിനെപ്പോലുള്ള കൂട്ടായ്മകള്‍ വഹിച്ച പങ്കും ചെറുതല്ല.

ആ കാലത്തെ മറഡോണ ഇഷ്ടം കൊണ്ടാവാം ഇന്നും പ്രിയപ്പെട്ട ടീം അര്‍ജന്റീന തന്നെ.

നമുക്ക് ഇഷ്ടമുള്ള ഫുട്ട്‌ബോള്‍ ടീമിനെ ഇഷ്ടപ്പെടുന്നത് മറ്റു ടീമുകളെ വെറുക്കാന്‍ കാരണം എന്താണെന്ന് മനസ്സിലാകുന്നില്ല.

അര്‍ജന്റീനയും ബ്രസീലും തമ്മില്‍ കളി വരുമ്പോള്‍ തീര്‍ച്ചയായും അര്‍ജന്റീന ജയിക്കണം എന്ന് തന്നെ ആഗ്രഹിക്കും. അതിനുമപ്പുറം ബ്രസീലിന്റെ മറ്റുള്ള മത്സരങ്ങള്‍ ആസ്വദിക്കുകയും നല്ല കളിയാണെങ്കില്‍ ജയിക്കണം എന്ന് ആഗ്രഹിക്കുകയും ചെയ്യാറുണ്ട്.

ഇപ്പോഴത്തെ സോഷ്യല്‍ മീഡിയയിലെ ഈ ഫാന്‍സ് തല്ലുകള്‍ കാണുമ്പോള്‍ അത്ഭുതം തോന്നാറുണ്ട്. ഫുട്ട്‌ബോള്‍ എന്ന കളി ഇഷ്ട്ടപ്പെടുന്നവര്‍ക്ക് അങ്ങനെ പറ്റുമെന്ന് തോന്നുന്നില്ല.