കൊടുവള്ളിയില്‍ തിമിം​ഗല ചർദ്ദിയുമായി യുവാവ് പിടിയിൽ; പിടികൂടിയത് ഒരു കോടി രൂപയോളം വില വരുന്ന തിമംഗല ചർദ്ദി


കോഴിക്കോട്: കൊടുവള്ളിയില്‍ ഒരു കോടി രൂപയോളം വില വരുന്ന തിമംഗല ചർദ്ദിയുമായി യുവാവ് പിടിയില്‍. തൃശൂർ പേരമംഗലം താഴത്തുവളപ്പിൽ അനൂപ് ടി.പി (32 ) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 5.200 കിലോഗ്രാം തിമംഗല ചർദ്ദി പിടികൂടി.

കൊടുവള്ളി സി.ഐ ചന്ദ്രമോഹന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ അനൂപ്, രശ്മി എന്നിവർ നടത്തിയ പരിശോധനയിലാണ് നെല്ലാംകണ്ടി പാലത്തിന് സമീപം തിമംഗല ചർദ്ദി പിടികൂടിയത്. കാറിന്‍റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു തിമംഗല ചർദ്ദി കണ്ടെത്തിയത്. കൊടുവള്ളി മേഖലയില്‍ കൈമാറാനായി കൊണ്ട് വന്നതാണ് തിമംഗല ചർദ്ദിന്നാണ് പൊലീസ് സംശയിക്കുന്നത്.

തിമംഗല ചർദ്ദിയും പ്രതിയായ അനൂപിനെയും താമരശ്ശേരി ഫോറസ്റ്റ് അധികൃതർക്ക് കൈമാറിയതായി കൊടുവള്ളി പൊലീസ് അറിയിച്ചു.