അപ്രതീക്ഷിതമായിരുന്നു നായ ദേഹത്തേക്ക് ചാടിവീണത്, മനസാന്നിധ്യം കൈവിടാതെ എതിര്‍ത്തുനിന്നു; ഉള്ള്യേരിയില്‍ തെരുവുനായയുടെ ആക്രമണത്തിന് ഇരയായ ബാബു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് സംഭവം വിശദീകരിക്കുന്നു


ഉള്ള്യേരി: പ്രഭാത സവാരിക്ക് പോകവേ അപ്രതീക്ഷിതമായാണ് തെരുവുനായ തന്റെ ദേഹത്തേക്ക് ചാടിവീണതെന്ന് ഉള്ള്യേരിയില്‍ നായയുടെ ആക്രമണത്തിന് ഇരയായ പോക്കില്‍ ബാബു. ആക്രമണത്തെ പ്രതിരോധിക്കാനായി താന്‍ നായയെ കൊല്ലുകയായിരുന്നെന്നും ബാബു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

മുഖത്തും കൈക്കും വയറിനും നായയുടെ കടിയേറ്റിട്ടുണ്ടെന്ന് ബാബു പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. ആഴത്തിലുള്ള മുറിവാണ്. മുറിവ് സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകി വൃത്തിയാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തന്നെ ആക്രമിക്കുന്നതിനു മുമ്പ് നടുക്കണ്ടി കൃഷ്ണന്‍ എന്നയാളെയും ഇതേ നായ ആക്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കൃഷ്ണനെ നായ ചാടിവീണ് കടിക്കുകയായിരുന്നെന്നാണ് അറിഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.

ചത്ത നായയെ മൃഗഡോക്ടര്‍ വന്ന് പരിശോധിച്ചശേഷം സംസ്‌കരിച്ചു. ഇന്ന് രാവിലെയാണ് ബാബു ആക്രമിക്കപ്പെട്ടത്. ഉള്ള്യേരി പാലോറ സ്‌റ്റോപ്പ് നാറാം കുളങ്ങര ഭാഗത്തായിരുന്നു സംഭവം.