മാനാഞ്ചിറയില്‍ കുഴഞ്ഞുവീണയാള്‍ മരിച്ചു; ഗവര്‍ണറുടെ സന്ദര്‍ശനം കാരണം ഗതാഗത തടസമുണ്ടായതാണ് ആശുപത്രിയിലെത്തിക്കാന്‍ വൈകിയതെന്ന് സിപിഎം


കോഴിക്കോട്: മിഠായി തെരുവില്‍ ഗവര്‍ണര്‍ എത്തുന്നതിന് മുമ്പ് കുഴഞ്ഞുവീണയാള്‍ മരിച്ചു. ചേവായൂര്‍ സ്വദേശി അശോകന്‍ അടിയോടിയാണ് മരിച്ചത്. എഴുപത് വയസായിരുന്നു.

ഗവര്‍ണര്‍ മാനാഞ്ചിറയില്‍ എത്തുന്നതിന് അഞ്ചു മിനുറ്റ് മുമ്പായിരുന്നു എല്‍ഐസി ബസ് സ്‌റ്റോപില്‍ അശോകന്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് 14 മിനുട്ടിനുള്ളില്‍ അശോകനെ ബീച്ച് ആശുപത്രിയില്‍ എത്തിച്ചതായി പോലീസ് പറഞ്ഞു.

എന്നാല്‍ ഗവര്‍ണറുടെ സന്ദര്‍ശനം കാരണം ഗതാഗത തടസ്സമുണ്ടായതാണ് അശോകന്‍ മരിക്കാന്‍ കാരണമെന്നും, ഉത്തരവാദിത്വം ഗവര്‍ണക്കാണെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ ആരാപിച്ചു. എന്നാല്‍ മരണത്തില്‍ അശോകന്റെ കുടുംബം ഇതുവരെ പരാതി നല്‍കിയിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.