സ്കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ മധ്യവയസ്കനുമായി ആശുപത്രിയിലേക്ക് കുതിച്ചു, ആശുപത്രിയിലെത്തിയപ്പോൾ ആംബുലൻസിന്റെ വാതിൽ തുറക്കാൻ കഴിഞ്ഞില്ല, ചികിത്സ വൈകി; കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ചു


കോഴിക്കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ വ്യക്തിയുമായി ആംബുലൻസ് ആശുപത്രിയിലേക്ക് കുതിച്ചു, എന്നാൽ ആശുപത്രിയിലെത്തിയപ്പോൾ വാതിൽ തുറക്കാനായില്ല. ചികിത്സ വൈകിയതിനെത്തുടർന്ന് രോഗി മരിച്ചു. ഫറോക്ക് കരുവൻതിരുത്തി എസ് പി ഹൗസിൽ കോയമോൻ (66) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പരിക്കേറ്റ കോയമോനെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴാണ് വാഹനത്തിൽ കുടുങ്ങിയത്.  സ്കൂട്ടര്‍ ഇടിച്ചാണ് കോയമോന് പരിക്കേറ്റത്. തുടര്‍ന്ന് കോഴിക്കോട് ബീച്ച്‌ ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോയമോനുമായെത്തിയ ആംബുലന്‍സിന്റെ വാതില്‍ തുറക്കാനായില്ല. മഴു ഉപയോഗിച്ച്‌ വെട്ടിപ്പൊളിച്ചാണ് രോഗിയെ പുറത്തെത്തിച്ചത്. തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ബീച്ച് ആശുപത്രി റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് കോയമോനെ സ്‌കൂട്ടറിടിച്ചത്. പരിക്കേറ്റ കോയമോനെ ആദ്യം ബീച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ബീച്ച് ആശുപത്രിയിലെ ഡോക്ടറടക്കമുള്ള ആംബുലന്‍സിലാണ് മെഡിക്കല്‍ കോളേജിലേക്ക് രോഗിയെ കൊണ്ടുപോയത്.

മെഡിക്കല്‍ കോളേജിലെത്തി ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല. അരമണിക്കൂറിലേറെ രോഗി ഉള്ളില്‍ കുടുങ്ങി. നടന്ന അസ്വാഭാവിക സംഭവത്തെ കുറിച്ച്‌ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി. ബീച്ച്‌ ആശുപത്രി ആര്‍എംഒയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.

ചെറൂട്ടി റോഡില്‍ പി.കെ. സ്റ്റീലിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കോയമോന്‍. ഭാര്യ: നഫീസ. സഹോദരങ്ങള്‍: എസ്.പി. ഹസ്സന്‍കോയ, എസ്.പി. കബീര്‍, എസ്.പി. അവറാന്‍കുട്ടി, എസ്.പി. നഫീസ, എസ്.പി. സിദ്ദിഖ്.