മേപ്പയ്യൂരിൽ മലമ്പനി സ്ഥിരീകരിച്ചു; കുട്ടികളുൾപ്പെടെ ഒരു കുടുംബത്തിലെ നാലു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ അതിഥി തൊഴിലാളി കുടുംബത്തില്‍ മലമ്പനി സ്ഥിരീകരിച്ചു. കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മലമ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മേപ്പയ്യൂരില്‍ ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി.

വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരം, ടെറസുകള്‍, ഓവര്‍ഹെഡ് ടാങ്കുകള്‍ എന്നിവ കൃത്യമായി പരിശോധിച്ച് കൊതുക് വളരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് മേപ്പയ്യൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിങ്കളാഴ്ച മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് അതിഥി തൊഴിലാളികള്‍ക്കായി രാത്രികാല മലമ്പനി, മന്ത് രോഗ പരിശോധന ക്യാമ്പ് നടത്തി. പരിസര പ്രദേശങ്ങളിലെ വീടുകളില്‍ പനി സര്‍വ്വേ, ഉറവിട നശീകരണം, മലമ്പനി രക്തപരിശോധന എന്നിവ നടത്തി.

ഡിസ്ട്രിക്റ്റ് വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. ഷിനി.കെ.കെ, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ മനോജ് എന്നിവര്‍ പ്രദേശം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ അസിസ്റ്റന്റ് എന്റമോളജിസ്റ്റ് ബിന്ദു.കെ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ കൊതുക് സാന്ദ്രതാ പഠനം, കീടനാശിനി തളിക്കല്‍ എന്നിവ നടത്തി.

മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്റ് നേതൃത്വത്തില്‍ അടിയന്തിര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. അതിഥി തൊഴിലാളികളെ മുഴുവന്‍ സ്‌ക്രീനിങ് നടത്താനും അതിഥി തൊഴിലാളി ക്യാമ്പുകളില്‍ കര്‍ശന ശുചിത്വ പരിശോധന നടത്താനും യോഗം തീരുമാനിച്ചു.

വൈസ് പ്രസിഡന്റ് ശോഭ.എന്‍.പി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ചന്ദ്രലേഖ.ടി.ഒ, ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ സതീഷ് സി.പി, പി.എച്ച്.എന്‍ ലത.കെ.ആര്‍ എന്നിവര്‍ സംസാരിച്ചു.