നായകനായി ചേമഞ്ചേരിക്കാരൻ നായിബ് സുബൈദാർ ശ്രീജിത്ത്; രാഷ്ട്രപതിഭവനിൽ ശൗര്യചക്ര ഏറ്റുവാങ്ങി ധീര സൈനികന്റെ കുടുംബം


 

ചേമഞ്ചേരി: വൈകാരികമായിരുന്നു ആ മുഹൂർത്തങ്ങൾ… രാഷ്ട്രപതി ഭവനിൽ ശൗര്യചക്ര അവാർഡ് കശ്മീരില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ നായിബ് സുബൈദാറിന്റെ ഭാര്യയും അമ്മയും ഏറ്റുവാങ്ങുമ്പോൾ മനസ്സിൽ വികാരങ്ങൾ ഉയർന്നു താഴുന്നുണ്ടായിരുന്നെങ്കിലും ഏറെ കരുത്തോടെ ഇരുവരും നിന്നു, തങ്ങൾ രാജ്യത്തിനായി വീരമൃത്യു വരിച്ച ജവാന്റെ കുടുംബാംഗങ്ങളാണെന്ന അഭിമാനത്തോടെ…

കശ്മീരില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ നായിബ് സുബൈദാര്‍ ശ്രീജിത്തിനാണ് ഇന്ന് രാജ്യം ശൗര്യ ചക്ര നൽകി ആദരിച്ചത് കൊയിലാണ്ടി ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെ തറയില്‍ മയൂരത്തില്‍ കുടുംബാംഗമാണ് ശ്രീജിത്ത്. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ശ്രീജിത്തിന്റെ മാതാപിതാക്കളായ വത്സൻ, ശോഭ, ഭാര്യ ഷിജിന, മകൾ എന്നിവർ പങ്കെടുത്തു. രാജ്യരക്ഷക്കായി അദ്ദേഹം അനുഷ്ഠിച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് റിപ്പബ്ലിക് ദിനത്തില്‍ ശൗര്യചക്രയെന്ന ഉന്നത സൈനിക ബഹുമതി നല്‍കാന്‍ രാഷ്ട്രം തീരുമാനിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂലായ് എട്ടിനാണ് രജൌരിയിലെ നിയന്ത്രണരേഖയില്‍ നടന്ന നുഴഞ്ഞകയറ്റ ശ്രമം ശ്രീജീത്തിന്റെ നേതൃത്വത്തിലുള്ള സൈനികര്‍ തടഞ്ഞത്. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ ആറ് ഭീകരരെ സൈന്യം വധിച്ചു.നാല്‍പ്പത്തിരണ്ടാം വയസ്സിലാണ് ശ്രീജിത്ത് കണ്ണീരോര്‍മയായത്.

സര്‍വീസിലിരിക്കെ സേനാമെഡലും ശ്രീജിത്തിന് ലഭിച്ചിരുന്നു. രാഷ്ട്രപതിയുടേതുള്‍പ്പെടെ 23 പുരസ്‌കാരങ്ങളും നേടിയിരുന്നു. ശത്രുസേനയുടെ മുനയൊടിക്കുന്നതില്‍ ശ്രീജിത്ത് എന്നും മുന്നിലായിരുന്നു. 20 വര്‍ഷം മുമ്പ് കന്യാകുമാരി സ്വദേശി ഡേവിഡ് രാജുവിനോടൊപ്പം ചേര്‍ന്ന് റോക്കറ്റ് ലോഞ്ചര്‍ ഉപയോഗിച്ച് ബോംബ് വര്‍ഷിച്ച് മൂന്ന് പാക് ഭീകരരെ അദ്ദേഹം വധിച്ചു.

ഐക്യരാഷ്ട്ര സംഘടനയുടെ ദൗത്യഭാഗമായുള്ള ഇന്ത്യന്‍ സൈനിക സംഘത്തില്‍ അംഗമായിരുന്നു. വീരമൃത്യുവരിക്കുന്നതിന് മുന്നുമാസം മുമ്പാണ് നായിബ് സുബേദാര്‍ ആയി സ്ഥാനക്കയറ്റം ലഭിച്ചത്.

ഇന്ന് നടന്ന ചടങ്ങിൽ പന്ത്രണ്ട് സേന അംഗങ്ങള്‍ക്കാണ് ശൗര്യചക്ര നല്‍കി രാജ്യം ആദരിച്ചത്. കരസേനയില്‍ നിന്ന് ശൗര്യചക്ര സമ്മാനിക്കുന്ന അഞ്ച് പേരും കശ്മീരിലെ സേവനത്തിനിടെ വീരമൃത്യു വരിച്ചവരാണ്. 384 സൈനികര്‍ക്ക് സേന മെഡലുകള്‍ നൽകി. ഉത്തം സേവാ മെഡലിന് രണ്ട് മലയാളികള്‍ അര്‍ഹരായി. ലെഫ്റ്റനന്റ് ജനറല്‍ ജോണ്‍സണ്‍ പി മാത്യു, ലെഫ്റ്റനന്റ് ജനറല്‍ പി.ഗോപാലകൃഷ്ണമേനോന്‍ എന്നിവര്‍ക്കാണ് ഉത്തം സേവ മെഡല്‍ ലഭിക്കുക.

ധീരതക്കുള്ള മെഡലുകള്‍ അഞ്ചു മലയാളികള്‍ക്കുണ്ട്. . സര്‍വോത്തം ജീവന്‍ രക്ഷാ പതക് മരണാനന്തര ബഹുമതിയായി ശരത് ആര്‍ ആര്‍ നു സമ്മാനിച്ചു . നാല് മലയാളികള്‍ ഉത്തം ജീവാ രക്ഷ പതക്കിനും അര്‍ഹരായി.അല്‍ഫാസ് ബാവു, കൃഷ്ണന്‍ കണ്ടത്തില്‍, മയൂഖാ വി, മുഹമ്മദ് ആദന്‍ മൊഹുദ്ദീന്‍ എന്നിവരാണ് ഉത്തം ജീവാ രക്ഷ പതക്കിന് അര്‍ഹരായത്.