വടകര തോടന്നൂര്‍ ഉപജില്ല കലോത്സവത്തില്‍ ഖുറാന്‍ പാരയണം ചെയ്ത എല്‍.പി. സ്കൂള്‍ വിദ്യാര്‍ഥിക്കെതിരെ മതമൗലികവാദികള്‍
വടകര: തോടന്നൂര്‍ ഉപജില്ലാ കലോത്സവത്തില്‍ ഖുറാന്‍ പാരായണം ചെയ്യുന്ന വിദ്യാര്‍ഥിയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. മനോഹരമായ ശബ്ദത്തില്‍ കൃത്യമായ ഉച്ചാരണത്തോടെയുള്ള വിദ്യര്‍ഥിയുടെ ഖുറാന്‍ പാരായണത്തെ നിറഞ്ഞ കയ്യടികളുമായിട്ടാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോഴിതാ, വിദ്യാര്‍ഥിയുടെ ഖുറാന്‍ പാരായണത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മതമൗലിക വാദികള്‍.
മജ്‌ലിസുല്‍ ഇല്‍മ് എന്ന യൂട്യൂബ് ചാനലില്‍ റഹീം നിസാമി പാനൂര്‍ എന്നയാളാണ് വിദ്യാര്‍ഥിക്കെതിരെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘വൈറലായ വീഡിയോ ആരും അനുകരിക്കരുത് / വിശുദ്ധ ഖുര്‍ആന്‍ മറ്റുള്ളവര്‍ക്ക് കൊടുക്കല്‍ ഹറാം(നിഷിദ്ധം) ‘ എന്ന ടൈറ്റിലിലാണ് വീഡിയോ. ഖുറാന്‍ മറ്റു മതസ്ഥര്‍ക്ക് കൊടുക്കുന്നതും പഠിപ്പിക്കുന്നതും നിഷിദ്ധമാണെന്നാണ് വീഡിയോയില്‍ പറയുന്നത്.
‘മുസ്ലീമീങ്ങളോട് ശത്രുത വെക്കുന്ന മറ്റു മതസ്ഥരാണെങ്കില്‍ അവര്‍ക്ക് ഖുര്‍ആന്‍ പഠിപ്പിച്ച് കൊടുക്കുന്നത് ഹറാമാണ്. മുസ്ലിങ്ങളോട് ശത്രുത ഒന്നും വെക്കുന്നവരല്ല മറ്റു മതസ്ഥര്‍, എന്നാല്‍ പോലും അവര്‍ ഇസ്ലാം മതത്തെ പഠിക്കാനും ഇസ്ലാം മതം സ്വീകരിക്കുക എന്ന ഉദ്ദേശത്തോടുകൂടി വന്നാല്‍ മാത്രമേ ഖുര്‍ആന്‍ പഠിപ്പിക്കുന്നത് അനുവദനീയമാവുകയുള്ളൂ’ – വീഡിയോയില്‍ പറയുന്നു.
മറ്റു ചില യൂട്യൂബ് ചാനലിലും വിദ്യാര്‍ഥിനിയുടെ ഖുര്‍ആന്‍ പാരായണത്തിനെതിരെ വീഡിയോ അപ്ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍, ഖുര്‍ആന്‍ പാരായണത്തെ അഭിനന്ദിച്ച് കൊണ്ട് ഇസ്ലാമിക പണ്ഡിതര്‍ തന്നെ മുന്നോട്ട് വന്നിട്ടുണ്ട്. ‘പരിശുദ്ധമായ ഖുര്‍ആന്‍ നിയമങ്ങള്‍ അനുസരിച്ച് അര്‍ഥവത്തായ രീതിയില്‍ ആ കുഞ്ഞുമോള്‍ ഓതിയപ്പോള്‍ അറിയാതെ മനസ്സില്‍ സന്തോഷം തോന്നി’ – എന്നാണ് മതപണ്ഡിതനായ ഷെമീര്‍ ദാരിമി കൊല്ലം തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോയിലൂടെ പറഞ്ഞത്. മറ്റു മതസ്ഥര്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതില്‍ തെറ്റില്ല എന്നും തന്റെ വീഡിയോയിലൂടെ ഷെമീര്‍ ദാരിമി കൊല്ലം പറയുന്നു.
വീഡിയോ: