വാഗാഡ് കമ്പനി പുനര്‍നിര്‍മ്മിച്ച ഇരിങ്ങല്‍ ബ്രാഞ്ച് കനാലില്‍ വന്‍തോതില്‍ ലീക്ക്; കുടിവെള്ളം കിട്ടാതെ പന്തലായനി നിവാസികള്‍


കൊയിലാണ്ടി: പന്തലായനിയില്‍ ദേശീയപാത കടന്നുപോകുന്ന ഭാഗത്ത് വാഗാഡ് കമ്പനി പുനര്‍നിര്‍മ്മിച്ച ഇരിങ്ങല്‍ ബ്രാഞ്ച് കനാലില്‍ വലിയ തോതില്‍ ലീക്ക്. ഇതോടെ പന്തലായനി ഭാഗത്തെ ആറോളം വാര്‍ഡുകളിലുള്ളവര്‍ക്ക് കുടിവെള്ളം ലഭിക്കാത്ത അവസ്ഥയിലാണ്.

നിര്‍മ്മാണത്തിലെ അപാകത കാരണം പുനര്‍നിര്‍മ്മിച്ച സൈഫണില്‍ നിന്നും വലിയ തോതില്‍ വെള്ളം പാഴായി പോകുന്ന സ്ഥിതിയാണ്. വാഗാഡ് കമ്പനി സൈഫണിന്റെ പണി പൂര്‍ത്തിയാക്കിയതിന് പിന്നാലെ സൈഫണിലേക്ക് വെള്ളം തുറന്നുവിട്ടു. വലിയ തോതില്‍ വെള്ളം പുറത്തേക്ക് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇറിഗേഷന്‍ അധികൃതര്‍ ആവശ്യപ്പെട്ടത് പ്രകാരം ലീക്ക് ഒഴിവാക്കാന്‍ അവര്‍ പണിയെടുപ്പിച്ചെങ്കിലും ഇപ്പോഴും ലീക്കേജ് തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇറിഗേഷന്‍ എഞ്ചിനിയര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

നിലവില്‍ പന്തലായനി ഭാഗത്തെ ജനങ്ങള്‍ കുടിവെള്ളത്തിന് വലിയ തോതില്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പതിനഞ്ച് ദിവസം പന്തലായനി ഭാഗത്തേക്കും പതിനഞ്ച് ദിവസം കുറുവങ്ങാട് തിരുവങ്ങൂര്‍ ഭാഗത്തേക്കും എന്ന രീതിയിലാണ് കനാല്‍ തുറക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ കനാല്‍ തുറന്നിട്ടും പന്തലായനി ഭാഗങ്ങളില്‍ വെള്ളമെത്താത്ത സ്ഥിതിയാണെന്നും നാട്ടുകാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.