കെ.എസ്.ആര്‍.ടി.സിയുടെ ഗവി ടൂര്‍ പാക്കേജ് ഹൗസ് ഫുള്‍! കോഴിക്കോട് നിന്ന് തുടങ്ങുന്ന പാക്കേജ് രണ്ടുദിവസം നീളുന്നത്- വിശദാംശങ്ങള്‍ അറിയാം


ത്തനംതിട്ടയിലെ ഗവിയെന്ന മനോഹര ഗ്രാമവും ഗ്രാമത്തിന്റെ മനോഹാരിത ഒപ്പിയെടുത്തുള്ള ബസ് യാത്രയും, ഓര്‍ഡിനറിയെന്ന ചിത്രത്തെ ഏറെ ജനപ്രിയമാക്കിയത് ലൊക്കേഷന്റെ സൗന്ദര്യം കൂടിയാണ്. ഇപ്പോള്‍ അതേപോലൊരു കെ.എസ്.ആര്‍.ടി.സി ബസില്‍ ഗവിയിലെ കാഴ്ചകള്‍ അനുഭവിക്കാനുള്ള പാക്കേജ് കെ.എസ്.ആര്‍.ടി.സി കൊണ്ടുവന്നിരിക്കുകയാണ്. ഹൗസ് ഫുള്‍ ആയി തന്നെ ഗവിയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ട്രിപ്പ് മുന്നോട്ടുപോകുന്നുണ്ട്.

പാക്കേജ് ആരംഭിച്ച് ഇതുവരെ നടത്തിയ 26 ട്രിപ്പുകളിലും നിറയെ യാത്രക്കാര്‍. ജനുവരി 31 വരെയുള്ള ബുക്കിങും പുരോഗമിക്കുകയാണ്. പത്തനംതിട്ടയില്‍ നിന്നുള്ളതിനാണ് തിരക്ക് അധികവും. പത്തനംതിട്ടയില്‍ നിന്നും പുറപ്പെടുന്ന യാത്രയ്ക്ക് പ്രവേശനഫീസ്, ബോട്ടിങ്, ഉച്ചയൂണ്, യാത്രാനിരക്ക് ഉള്‍പ്പെടെ 1300 രൂപയാണ് ചെലവ്.

പ്രധാന അണക്കെട്ടുകളായ മൂഴിയാര്‍, കക്കിആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും മൊട്ടക്കുന്നുകളും പുല്‍മൈതാനങ്ങളും അടങ്ങിയ പ്രകൃതിയുടെ മനോഹാരിതയും കാനനഭംഗിയും ആസ്വദിച്ച് ഗവിയില്‍ എത്താം. തുടര്‍ന്ന് ബോട്ടിങും ഉച്ച ഊണും കഴിഞ്ഞ് വണ്ടിപ്പെരിയാര്‍ വഴി പാഞ്ചാലിമേടും കണ്ട് തിരിച്ച് പത്തനംതിട്ടയില്‍ എത്തുന്നതാണ് പാക്കേജ്. ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയില്‍ നിന്ന് യാത്ര തുടങ്ങും. രാത്രി എട്ടരയോടെ മടങ്ങിയെത്തും.

പത്തനംതിട്ടയില്‍ നിന്ന് മാത്രമല്ല യാത്രാ സൗകര്യമുള്ളത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ളവരെ പത്തനംതിട്ടയിലെത്തിച്ച് അന്നേദിവസം അവിടെ തങ്ങും. അടുത്തദിവസം ഇവിടെ നിന്നുള്ള ബസിലാണ് ഗവിയിലേക്ക് കൊണ്ടുപോകുക. കോഴിക്കോട് നിന്ന് തുടങ്ങുന്ന പാക്കേജ് രണ്ടുദിവസം നീളുന്നതാണ്.

കുമരകം ഉള്‍പ്പെടെ വിനോദസഞ്ചാര കേന്ദ്രത്തിലൂടെ പോകുന്നതാണ് പാക്കേജ്. നിലവില്‍ ഗവിയിലേക്ക് രണ്ട് ഓര്‍ഡിനറി സര്‍വീസ് പത്തനംതിട്ടയില്‍ നിന്നും ദിവസവുമുണ്ട്. രാവിലെ 5.30നും 6.30നും.

ഗവിയിലേക്ക് പോകുന്നവര്‍ക്ക് താമസിക്കാനായി പത്തനംതിട്ടയില്‍ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ താമസ സൗകര്യം ഒരുക്കാനുള്ള പ്രവൃത്തിയും നടക്കുന്നുണ്ട്. 150 കിടക്കകളുള്ള എ.സി. ഡോര്‍മിറ്ററിയാണ് ക്രമീകരിക്കുന്നത്. നൂറുരൂപയാണ് താമസച്ചെലവ്.

നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവിലാണ് കെ.എസ്.ആര്‍.ടി.സി.യുടെ ഗവി ടൂര്‍ പാക്കേജിന് വനംവകുപ്പ് പച്ചക്കൊടികാട്ടിയത്.

വിശദവിവരത്തിന് 9495752710, 9995332599 എന്ന നമ്പറില്‍ വിളിക്കാം.