ഷാറൂഖ് സെയ്ഫിയെ വൈദ്യപരിശോധനയ്‌ക്കെത്തിക്കുന്നതില്‍ പൊലീസിന്റെ നാടകീയ നീക്കം; മെഡിക്കല്‍ കോളേജിലെത്തിയ ആദ്യവാഹനത്തില്‍ പ്രതിയില്ല
കൊയിലാണ്ടി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതി ഷാറുഖ് സെയ്ഫിയെ വൈദ്യപരിശോധനയ്ക്ക് എത്തിക്കുന്നതില്‍ പൊലീസിന്റെ നാടകീയ നീക്കം. ആദ്യം പ്രതിയെ പാര്‍പ്പിച്ചിരിക്കുന്ന കോഴിക്കോട് മാലൂര്‍ക്കുന്ന് പൊലീസ് ക്യാംപില്‍ നിന്ന് 9.45ന് പുറപ്പെട്ട വാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാംപസില്‍ കുറച്ച് ദൂരമെത്തിയശേഷം പിന്നീട് പുറത്തേക്ക് പോയി. പ്രതി വാഹനത്തിലുണ്ടായിരുന്നില്ല. മാധ്യമശ്രദ്ധ തിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്.
ശേഷം, വൈദ്യപരിശോധനയ്ക്കായി പ്രതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിക്കു സമീപത്തുള്ള പൊലീസ് സര്‍ജന്റെ ഓഫിസിലെത്തിച്ചു. ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം.
വൈദ്യപരിശോധനയ്ക്കായി പ്രതിയെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ എത്തിക്കാനും നീക്കം നടത്തിയിരുന്നു. അവിടേക്ക് പൊലീസ് ഉദ്യോഗ്‌സഥരെയും എത്തിച്ചിരുന്നു. പ്രതിയുടെ മുഖത്തുള്‍പ്പെടെ പരുക്കുള്ള സാഹചര്യത്തില്‍ വൈദ്യപരിശോധന നിര്‍ണായകമാണ്.
ഷാറൂഖ് സെയ്ഫിയുടെ ദേഹത്തുള്ള പരിക്കുകളുടെ സ്വഭാവവും പഴക്കവും പൊലീസ് സര്‍ജന്‍ പരിശോധിക്കും. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് പൊലീസ് നീക്കം.
അതേസമയം, ഷാറൂഖിനെ കേരളത്തിലേക്ക് എത്തിക്കുന്ന യാത്രയ്ക്കിടെ പൊലീസിന്റെ ഭാഗത്ത് ഗുരുതരമായ സുരക്ഷാവീഴ്ച ഉണ്ടായി എന്ന ആക്ഷേപവും ഉയരുന്നുണ്ട്. പ്രതിയെ കൊണ്ടുവന്ന വാഹനത്തിന്റെ ടയര്‍ പഞ്ചറായി. കണ്ണൂര്‍ മേലൂരിന് സമീപം കാടാച്ചിറയില്‍ വച്ചാണ് ടയര്‍ പഞ്ചറായത്. ഒരു മണിക്കൂറിലധികം ഇവിടെ കിടന്ന ശേഷമാണ് വേറൊരു വാഹനമെത്തിച്ച് പ്രതിയെ അതില്‍ കയറ്റി കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. പ്രതിയുമായി വഴിയില്‍ കിടന്ന വാഹനത്തിന് എടക്കാട് പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു.