”ഇന്നലെയും കണ്ടു രാജാവിന്റെ മകന്‍ എന്നൊരു വെള്ളരിപ്രാവ് ബൈപ്പാസില്‍ പറക്കുന്നത്, അടുത്ത കൂട്ടമരണം വരുമ്പോള്‍ നമുക്ക് ഇനിയും ചര്‍ച്ച ചെയ്യാം ബസുകളുടെ മത്സരയോട്ടത്തെക്കുറിച്ച്”; കണ്ണൂര്‍-കോഴിക്കോട് ദേശീയപാതയിലെ ബസ് യാത്രയെക്കുറിച്ചുള്ള അഞ്ജലി ചന്ദ്രന്റെ കുറിപ്പ് ചര്‍ച്ചയാവുന്നു


കൊയിലാണ്ടി: കൊയിലാണ്ടി ദേശീയപാതയില്‍ നിര്‍ത്തിയിട്ട ബസിനെ അപകടകരമായ രീതിയില്‍ ഇടതുവശം ചേര്‍ന്ന് ഓവര്‍ടേക് ചെയ്യുന്ന ബസിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോ ചര്‍ച്ചയായതോടെ ഈ റൂട്ടിലെ ബസുകളുടെ മത്സരയോട്ടം സംബന്ധിച്ച് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതുവഴിയുള്ള ബസുകളുടെ അശ്രദ്ധമായ ഓട്ടത്തെക്കുറിച്ച് ദേശീയപാതയുടെ തൊട്ടടുത്ത് താമസിക്കുന്ന കോഴിക്കോട് സ്വദേശി അഞ്ജലി ചന്ദ്രന്‍ എഴുതിയ കുറിപ്പ് വായിക്കാം

കോഴിക്കോട് കണ്ണൂര്‍ നാഷണല്‍ ഹൈവേയില്‍ കോഴിക്കോടിനും കൊയിലാണ്ടിയ്ക്കും ഇടയില്‍ ആണ് വീട്. ഗേറ്റ് തുറന്നു പുറത്ത് ഇറങ്ങിയാല്‍ ബസ്സ് സ്റ്റോപ്പ് കാണാം. അതുകൊണ്ട് തന്നെ രാവിലെ മുതല്‍ വൈറല്‍ ആയി പോസ്റ്റ് ചെയ്യപ്പെടുന്ന നാട്ടിലെ ഈ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു എന്ന പേരില്‍ വന്ന വീഡിയോ കണ്ടിട്ട് വലിയ അത്ഭുതം ഒന്നും തോന്നുന്നില്ല എന്നതാണ് സത്യം.

ലോക്കല്‍ ബസുകള്‍ തമ്മില്‍ ഉള്ള ഈ മത്സരം കണ്ടിട്ട് ഇതിലും വലുത് സ്ഥിരം കാണുന്ന ഞങ്ങളോടോ ബാലാ എന്ന മട്ടാണ് എന്നെ പോലെ പലര്‍ക്കും എന്നറിയാം. തങ്ങള്‍ക്ക് ഇഷ്ടം ഉള്ള സ്ഥലത്ത് ബസ്സ് നിര്‍ത്തിയും, ഇടത്ത് വശത്ത് കൂടി ഓവര്‍ ടേക് ചെയ്തും ഒക്കെ നിശ്ചിത സ്ഥാനത്ത് എത്താന്‍ മിടുക്കരാണ് മിക്ക ബസ്സ് ഡ്രൈവര്‍മാരും. പലപ്പോഴും ഭാഗ്യം കൊണ്ടാണ് മറ്റു വാഹനങ്ങളില്‍ വീട്ടില്‍ നിന്നും പോവുന്നവര്‍ ഇതൊക്കെ മറികടന്ന് തിരികെ എത്തുന്നത്.

ബസ്സിലെ ഡ്രൈവിങ് സീറ്റില്‍ കയറിയാല്‍ പലരും കണ്ണൂര്‍ തൃശൂര്‍ റൂട്ടിലെ ബസ്സ് പേര് പോലെ മംഗലശ്ശേരി നീലകണ്ഠനും കാശിനാഥനും ഒക്കെ ആയി രൂപാന്തരം പ്രാപിക്കും. പിന്നെ വഴി മാറെടാ മുണ്ടക്കല്‍ ശേഖരാ എന്ന മട്ടില്‍ മുന്നില്‍ ഉള്ള വാഹനത്തെ മറികടക്കുക എന്ന ഒറ്റ ചിന്തയില്‍ ആണ് മിക്കവരും റോഡില്‍ ഇറങ്ങുന്നത്. ഇതിനിടയില്‍ അവര്‍ക്ക് മുന്‍പില്‍ പോവുന്ന ഇരുചക്ര വാഹനങ്ങള്‍ ആവട്ടെ കാറുകള്‍ ആവട്ടെ അവയെ ഹോണ്‍ മുഴക്കി ഏത് വിധേനയും സൈഡ് വാങ്ങി മുന്നില്‍ കയറുക എന്ന ഒറ്റ ലക്ഷ്യം ആണുള്ളത്.

ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ജോലികള്‍ നടക്കുന്നത് കാരണം ചെങ്ങോട്ടുകാവ് മുതല്‍ വെങ്ങളം വരെ ഇടയ്ക്കിടെ ബ്ലോക്ക് ഉണ്ടാവുമ്പോള്‍ പോലും റോങ് സൈഡ് കയറി എതിരെ വരുന്ന വാഹനം ഇനി എങ്ങോട്ട് പോവണം എന്ന കണ്‍ഫ്യൂഷന്‍ അതിലെ ഡ്രൈവര്‍ക്ക് നല്‍കാന്‍ മിടുക്കരാണ് മിക്ക ഡ്രൈവര്‍മാരും.

എന്റെ ആദ്യത്തെ ആക്‌സിഡന്റ് ഓര്‍മ എനിക്ക് നാലഞ്ച് വയസ്സ് ഉള്ളപ്പോള്‍ ആണ്. കളിച്ചു കൊണ്ടിരുന്ന ഞങ്ങളുടെ നേരെ ഉള്ള റോഡില്‍ ഒരു ബൈക്ക് ദീര്‍ഘ ദൂര ബസ്സ് ആയിട്ട് കൂട്ടി മുട്ടി. ആളുകള്‍ ഓടി കൂടുമ്പോള്‍ സ്വന്തം കാലു മുറിഞ്ഞ് വേര്‍പെട്ട് തൂങ്ങിക്കിടക്കുന്നത് നോക്കി കരയുന്ന ഒരു ചെറുപ്പക്കാരനെ ഓര്‍ക്കുമ്പോള്‍ ഇപ്പോളും ഒരു വല്ലാത്ത അവസ്ഥ ആണ്.

ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആണ് എന്റെ കളിക്കൂട്ടുകാരന്‍ ഒരു ബസ്സ് ആക്‌സിഡന്റ് കാരണം മരണപ്പെട്ടത്. എനിക്ക് പ്രിയപ്പെട്ട ഒരുപാട് പേര് ഇതേ പോലെ എന്നെ വിട്ടു പോവാന്‍ കാരണം ആയത് വാഹനാപകടങ്ങള്‍ ആണ്. ഒരു മിനിറ്റ് നേരത്തെ എത്താന്‍ ഉള്ള മത്സര പാച്ചില്‍ കാരണം പത്തിരുപത് കൊല്ലം പരസഹായം ഇല്ലാതെ ചലിക്കാന്‍ പറ്റാതെ ആയി എങ്ങനെ എങ്കിലും മരിച്ചാല്‍ മതി എന്ന് പറഞ്ഞ, മരണം കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഒരു പരിചയക്കാരി ഉണ്ട്.

നാട്ടിലെ സ്ഥിരം ആക്‌സിഡന്റ് സ്‌പോട്ടില്‍ പത്തിലധികം പേരുടെ അതും ഒരു കുടുംബത്തിലെ അഞ്ച് പേര് മരിച്ച ഒരു ആക്‌സിഡന്റ് ഉണ്ടായപ്പോള്‍ അതിലും പ്രധാന കാരണം ബസ്സുകളുടെ മത്സര ഓട്ടമായിരുന്നു. അതിടയില്‍ പെട്ട് പോയ ഒരു കാറിലെ ആളുകള്‍ ആണ് മരിച്ചു പോയത്. നിയന്ത്രണം വിട്ട ബസ് ഒരു മരത്തില്‍ ഇടിച്ചു കയറി ആ മരം ഡ്രൈവറുടെ സീറ്റിനു നടുക്ക് കുടുങ്ങി നില്‍ക്കുന്ന ചിത്രം പത്രത്തില്‍ വന്നത് പലര്‍ക്കും ഓര്‍മ ഉണ്ടാവും. ട്യൂഷന് പോവാന്‍ ഇറങ്ങിയ ഞാന്‍ പഠന കാലത്ത് ഇതേ പോലെ ബസ്സുകള്‍ തമ്മിലെ മത്സര ഓട്ടത്തില്‍ ഒന്ന് കൂട്ടി മുട്ടിയത് വഴി ആണ് ആദ്യമായി ഹോസ്പിറ്റലില്‍ കിടന്നത്. അന്ന് നാട്ടിലെ സ്ഥിരം വാഹനാപകട ചരിത്രം കാരണം റോഡിലേക്ക് ഇറങ്ങിയ അച്ഛനും അമ്മയും ബസിന്റെ അവസ്ഥ കണ്ട് ഞാന്‍ സലാം പറഞ്ഞു എന്ന് പോലും ചിന്തിച്ച് പോയിട്ടുണ്ട്. ഇതേ പോലെ അനുഭവങ്ങള്‍ ഉള്ള ഒരുപാട് പേരുണ്ട്.

നമ്മളുടെ നാട്ടിലെ ഡ്രൈവിംഗ് സംസ്‌കാരം വളരെ വളരെ മോശമാണ്. എനിക്ക് മാത്രം സഞ്ചരിച്ചാല്‍ മതി എന്ന ഒരു ചിന്താഗതിയില്‍ ആണ് പലരും ഡ്രൈവ് ചെയ്യുന്നത്. ഇനി സ്ത്രീകള്‍ ഡ്രൈവ് ചെയ്യുന്നത് കണ്ടാല്‍ അവരെ പാനിക്ക് ആക്കുന്നത് ഒരു രസമായി കണ്ടിട്ട് ഹോണ്‍ മുഴക്കിയും ഓവര്‍ ടേക് ചെയ്തും ഹരം കണ്ടെത്തുന്ന മറ്റൊരു കൂട്ടം ആളുകള്‍. മുന്‍പൊക്കെ നാട്ടില്‍ ബസ്സ് റാഷ് ഡ്രൈവിംഗ് ചെയ്യുമ്പോള്‍ അത് ചോദ്യം ചെയ്യുന്ന ചിലരെങ്കിലും ഉണ്ടായിരുന്നു. ഇപ്പൊള്‍ ജീവനും കൊണ്ട് വീട് പിടിച്ചാല്‍ മതി എന്ന ഒരു അവസ്ഥയിലേക്ക് ഞാന്‍ അടക്കം ഉള്ള ആളുകള്‍ എത്തിയിട്ടുണ്ട്. കോഴിക്കോട് കണ്ണൂര്‍ റൂട്ടില്‍ ഒരു പഞ്ചിങ് സ്റ്റേഷന്‍ ഉണ്ടായിരുന്നത് കൊറോണക്ക് മുന്‍പേ പൂട്ടിയതാണ്. ഏറ്റവും വലിയ കോമഡി പലപ്പോഴും ഈ അമിത വേഗത കണ്ടാലും പോലീസിന് പോലും ഇവരെ തടയാന്‍ കഴിയില്ല എന്നതാണ്. നിയമം അത് ലംഘിക്കാന്‍ ഉള്ളതാണ് എന്നതാണ് അവസ്ഥ.

എന്ത് വന്നാലും മുതലാളി നോക്കും എന്ന ധൈര്യത്തില്‍ ആണ് പല ബസ്സ് ഡ്രൈവര്‍മാരും തങ്ങളുടെ ഈ മത്സര ഓട്ടം നിര്‍ത്താതെ തുടരുന്നത്. ശിക്ഷാ നടപടികള്‍ കാര്യമായി ഇല്ലാതെ മനപൂര്‍വ്വം അല്ലാത്ത നരഹത്യ മാത്രം ആയി മാറുമ്പോള്‍ അപ്പുറത്ത് സ്വന്തം വീട്ടിലെ ഒരു അംഗത്തെ നഷ്ടപ്പെട്ടവര്‍ക്ക് അതൊരു തീരാ നഷ്ടം ആവുന്നത് ഇവരെ പലപ്പോഴും ബാധിക്കുന്നില്ല.

കഴിഞ്ഞ മാസം നടന്ന വിനോദ യാത്രയിലെ അപകടം കഴിഞ്ഞ് ബസ്സുകള്‍ ഒക്കെ നിയമപ്രകാരം വെള്ളരിപ്രാവുകള്‍ ആയിട്ടുണ്ട്. ഇന്നലെയും കണ്ടു രാജാവിന്റെ മകന്‍ എന്നൊരു വെള്ളരിപ്രാവ് എന്നെ തല്ലേണ്ടമ്മാവാ ഞാന്‍ നന്നാവൂല എന്ന പാട്ടും പാടി ബൈ പാസില്‍ കൂടി പറക്കുന്നത്. അടുത്ത കൂട്ട മരണം വരുമ്പോള്‍ നമുക്ക് വീണ്ടും ഇവയെ കുറിച്ച് ഒക്കെ ചര്‍ച്ച ചെയ്യാം.