റോഡ് വീതി കൂട്ടിയിട്ടില്ല, വളവും നിവര്‍ത്തിയിട്ടില്ല; കൊല്ലം മേപ്പയ്യൂര്‍ റോഡിലെ അടിപ്പാത തുറന്നു, ഇരുഭാഗത്തുനിന്നും വലിയ വാഹനങ്ങള്‍ ഒരേസമയം വന്നാല്‍ ഗതാഗതക്കുരുക്കെന്ന് നാട്ടുകാര്‍


കൊയിലാണ്ടി: കൊല്ലം നെല്യാടി റോഡില്‍ ദേശീയ പാത 66ന്റെ കൊയിലാണ്ടി ബൈപ്പാസ് കടന്നു പോകുന്ന ഭാഗത്തെ അടിപ്പാത തുറന്നു. അടിപ്പാതയ്ക്ക് അനുസൃതമായി സര്‍വ്വീസ് റോഡ് വീതി കൂട്ടുകയോ അടിപ്പാതയ്ക്കുള്ളിലെ റോഡ് ഉയര്‍ത്തുകയോ ചെയ്യാതെയാണ് ഇതുവഴി നിലവില്‍ വാഹനങ്ങള്‍ കടത്തിവിടുന്നത്.

കൊല്ലം-നെല്ല്യാടി റോഡില്‍ നിന്നും 50 മീറ്ററോളം വടക്ക് ഭാഗത്താണ് അടിപ്പാത പണിതത്. നിര്‍മ്മാണം നടക്കുന്ന ഘട്ടത്തില്‍ തന്നെ ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. എന്നാല്‍ അടിപ്പാതയ്ക്ക് അനുസൃതമായി സര്‍വ്വീസ് റോഡില്‍ മാറ്റം വരുത്തി പ്രശ്‌നം പരിഹരിക്കുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചത്. എന്നാല്‍ സര്‍വ്വീസ് റോഡില്‍ കാര്യമായ മാറ്റം വരുത്താതെയാണ് അടിപ്പാതവഴി വാഹനങ്ങള്‍ കടത്തിവിടുന്നത്.

മേപ്പയ്യൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ അടിപ്പാതയ്ക്കകത്തുനിന്നും പുറത്തെ സര്‍വ്വീസ് റോഡിലേക്ക് കടക്കുന്ന ഭാഗത്ത് വളവാണ്. ഇരുവശത്തുനിന്നും വലിയ വാഹനങ്ങള്‍ കടന്നുപോകുകയാണ് ഗതാഗതക്കുരുക്ക് ഉറപ്പാണെന്ന് നേരത്തെ തന്നെ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.

ഈ ആശങ്ക ശരിവെക്കുന്ന തരത്തിലുള്ളതാണ് അടിപ്പാത തുറന്നതിനു പിന്നാലെയുള്ള പ്രദേശവാസികളുടെ പ്രതികരണം. അടിപ്പാത തുറന്നതിന് പിന്നാലെ കഴിഞ്ഞദിവസങ്ങളില്‍ കൊല്ലം റെയില്‍വേ ഗേറ്റിന് സമീപത്ത് ഗേറ്റ് അടച്ചസമയത്തുണ്ടാവുന്നതിന് സമാനമായ രീതിയില്‍ ഇവിടെയും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതായി പ്രദേശവാസിയായ നടേരി ഭാസ്‌കരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഒരേസമയം വലിയ വാഹനങ്ങള്‍ പരസ്പരം കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ലോറികളും വലിയ ട്രക്കുകളും ബസും പതിവായി കടന്നുപോകുന്ന റോഡാണിത്. ഇതുപോലുള്ള രണ്ട് വാഹനങ്ങള്‍ കടന്നുപോകാനാവാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.

പരിചിതരല്ലാത്ത ആളുകള്‍ ഇതുവഴി കടന്നുപോകുമ്പോള്‍ അടിപ്പാത കഴിഞ്ഞുള്ള വളവ് പ്രതീക്ഷിക്കില്ലെന്നും അപകടത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു. പകല്‍ സമയത്ത് വലിയ പ്രശ്‌നമില്ലെങ്കിലും രാത്രികാലങ്ങളില്‍ ഇവിടെ സ്ട്രീറ്റ് ലൈറ്റ് പോലുമില്ലാത്തത് അപകട സാധ്യത വര്‍ധിപ്പിക്കുമെന്നും പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനു പുറമേ അടിപ്പാതയ്ക്കുള്ളിലെ റോഡ് പുറത്തെ റോഡിനേക്കാള്‍ താഴ്ന്നു കിടക്കുന്നതിനാല്‍ മഴ പെയ്യുമ്പോള്‍ വെള്ളം കെട്ടിനില്‍ക്കാറുണ്ടെന്നും റോഡ് ഉയര്‍ത്താതെ വാഹനങ്ങള്‍ കടത്തിവിടാന്‍ തുടങ്ങിയത് യാത്രക്കാര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുമെന്നും പ്രദേശവാസികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

അദാനി ഗ്രൂപ്പിന്റെ ഉപകരാര്‍ ഏറ്റെടുത്ത വാഗാഡ് കമ്പനിയാണ് നിര്‍മാണം നടത്തിയത്. ആറ് വരിയില്‍ നിര്‍മിക്കുന്ന ചെങ്ങോട്ടുകാവ്-നന്തി ബൈപ്പാസിന്റെ ആദ്യ അലൈന്‍മെന്റില്‍ തന്നെ ഉള്‍പ്പെട്ടതാണ് ഈ അടിപ്പാത. പതിനഞ്ച് മീറ്ററാണ് ഇവിടെ നിര്‍മ്മിച്ച അടിപ്പാതയുടെ വീതി.