വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; കൊയിലാണ്ടിയിലെ ഡോക്ടേഴ്സ് അക്കാദമി ഉടമ പോക്‌സോ കേസിൽ റിമാൻഡിൽ
കൊയിലാണ്ടി: വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കൊയിലാണ്ടിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ഉടമയെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ഡോക്ടേഴ്സ് അക്കാദമി ഉടമ ബാബുരാജിനെയാണ് പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ബാബുരാജിനെ റിമാൻഡ് ചെയ്തതായി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.
ഡോക്ടേഴ്സ് അക്കാദമിയിൽ പഠിക്കുന്ന വിദ്യാർത്ഥിനിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ബാബുരാജ് തന്റെ ഓഫീസ് മുറിയിലേക്ക് പെൺകുട്ടിയെ വിളിക്കുകയും ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. ഇയാൾക്കെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ ഇന്നലെയാണ് കൊയിലാണ്ടി സ്റ്റേഷനിൽ പരാതി നൽകിയത്.
സംഭവത്തിൽ പ്രതിഷേധം അറിയിച്ച് ഇന്നലെ എസ്.എഫ്.ഐ പ്രവർത്തകർ സ്ഥലത്തേക്ക് മാർച്ച് ചെയ്യുകയും സ്ഥാപനം തല്ലി തകർക്കുകയും ചെയ്തു. മുൻപും സമാനമായ ആരോപണങ്ങൾ ഈ സ്ഥാപനത്തിനെതിരെ ഉയർന്നു വന്നിരുന്നെന്നും അന്നെല്ലാം പ്രിൻസിപ്പൽ തന്റെ പണവും സ്വാധീനം ഉപയോഗിച്ച് ഒതുക്കി തീർത്തതാണെന്നും കെ.എസ്.യു കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് എ.കെ ജാനിബ് പറഞ്ഞു.
Summary: Attempted sexual assault on female student; Koyilandy Private tution institution owner remanded in POCSO case