ഭൂമി രജിസ്ട്രേഷന് 5000 രൂപ കൈക്കൂലി; ശിക്ഷിക്കപ്പെട്ട കൊയിലാണ്ടി സ്വദേശിനിയായ സബ് രജിസ്ട്രാറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു


കൊയിലാണ്ടി: ഭൂമി രജിസ്ട്രേഷന് 5000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ശിക്ഷിക്കപ്പെട്ട ചേവായൂര്‍ മുന്‍ സബ് രജിസ്ട്രാറായിരുന്ന കൊയിലാണ്ടി സ്വദേശിനിയെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു. ചെങ്ങോട്ടുകാവ് എടക്കുളം പി കെ ബീനയെയാണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. ഇവര്‍ കുറ്റക്കാരിയാണെന്ന് വിജിലന്‍സ് കോടതി 2020-ല്‍ കണ്ടെത്തിയിരുന്നു. ഏഴ് വര്‍ഷം കഠിന തടവും അഞ്ച് ലക്ഷത്തി അയ്യായിരം രൂപ പിഴയും വിധിച്ചിരുന്നു.

2014 ഫെബ്രുവരി 22 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ആധാരം എഴുത്തുകാരനായ ചേവായൂർ സ്വദേശി ഭാസ്‌ക്കരൻ നായരിൽ നിന്ന് അന്ന് അവിടെ സബ് രജിസ്ട്രാർ ആയിരുന്ന പി.കെ ബീന അയ്യായിരം രൂപ കൈക്കൂലി വാങ്ങുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ ആധാരം റദ്ദ് ചെയ്യുമെന്ന് ഇവർ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പിന്നാലെ ഇദ്ദേഹം വിജിലന്‍സില്‍ പരാതിപ്പെടുകയായിരുന്നു.

വിജിലന്‍സിന്റെ നിര്‍ദേശ പ്രകാരം 2014 ഫെബ്രുവരി 22 ന് ഫിനോഫ്ത്തലിന്‍ പുരട്ടിയ പണ ബീനയ്ക്ക് കൈമാറുകയായിരുന്നു. തെളിവു സഹിതം ഓഫീസില്‍ വെച്ചാണ് ബീന അറസ്റ്റിലാകുന്നത്. ഡി.വൈ.എസ്.പി പ്രേംദാസാണ് പണവുമായി ഓഫിസിൽ നിന്ന് ബീനയെ പിടികൂടിയത്. ബാക്കിയുള്ള പണവും കണ്ടെത്തിയിരുന്നു.

2020-ല്‍ ബീന കുറ്റക്കാരിയാണെന്ന് കോഴിക്കോട് വിജിലൻസ് പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് ജഡ്ജി കെ.വി ജയകുമാറാണ് കഠിന തടവും പിഴയും ശിക്ഷ വിധിച്ചത്.

Summar: Koyilandy native sub registrar convicted in bribery case dismissed from service