‘രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്ന കൊയിലാണ്ടിയിലെ ജനങ്ങൾക്ക് കനാൽ വെള്ളമെത്തിക്കുക’; ഇറിഗേഷൻ എഞ്ചിനിയറോട് നേരിട്ട് ആവശ്യപ്പെട്ട് കർഷകസംഘം
കൊയിലാണ്ടി: കുറ്റ്യാട് ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ കനാൽ തുറന്ന് വിട്ട് രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്ന കൊയിലാണ്ടിയിലെ ജനങ്ങൾക്ക് ആശ്വാസമേകണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘം. കൊയിലാണ്ടി നഗരസഭ, ചേമഞ്ചേരി, ചെങ്ങോട്ട് കാവ് അരിക്കുളം, കീഴരിയൂർ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ ജനങ്ങൾക്ക് അടിയന്തിരമായി കനാൽ ജലം എത്തിക്കണമെന്നാണ് കർഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഇറിഗേഷൻ അധികൃതരോട് ആവശ്യപ്പെട്ടത്. പേരാമ്പ്രയിലെ ഇറിഗേഷൻ എക്സിക്യുട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നേരിട്ടെത്തിയാണ് കർഷകസംഘം പ്രതിനിധികൾ ആവശ്യമുന്നയിച്ചത്.
കർഷകസംഘം പ്രതിനിധികളുടെ ആവശ്യം കേട്ട എക്സിക്യുട്ടീവ് എഞ്ചിനീയർ അടുത്ത ദിവസം തന്നെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പ് നൽകി. ഇന്ന് കൊയിലാണ്ടി ഭാഗത്തും നാളെ ചേമഞ്ചേരി, ചെങ്ങോട്ടുകാവ് ഭാഗങ്ങളിലേക്കും കനാൽ തുറക്കുമെന്നാണ് എഞ്ചിനീയർ കർഷകസംഘം പ്രതിനിധകളെ അറിയിച്ചത്.
കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ട്രഷററുമായ കെ.ഷിജു മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗം ടി.വി.ഗിരിജ, ഏരിയാ കമ്മിറ്റി ട്രഷററും അരിക്കുളം പഞ്ചായത്ത് പ്രസിഡന്റുമായ എ.എം.സുഗതൻ മാസ്റ്റർ, ഏരിയാ സഹഭാരവാഹിയും ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ സതി കിഴക്കയിൽ, ഏരിയാ നേതാക്കളായ പി.സി സതീഷ്ചന്ദ്രൻ, പി.കെ.ഭരതൻ എന്നിവരാണ് ഇറിഗേഷൻ എക്സിക്യുട്ടീവ് എഞ്ചിനീയറുടെ ഓഫീസിലെത്തിയത്.