കൊരയങ്ങാട്ടെ വയോധികയുടെ സ്വർണ്ണമാല കവർന്ന പ്രതിയെ പിടികൂടിയത് പോലീസുമായുള്ള മൽപ്പിടുത്തത്തിനൊടുവിൽ; മറ്റ് മോഷണക്കേസുകളിലും തുമ്പുണ്ടാവുമെന്ന് പ്രതീക്ഷ
കൊയിലാണ്ടി: കൊരയങ്ങാട് തെരുവിലെ എണ്‍പതുകാരിയുടെ കഴുത്തില്‍ നിന്നും സ്വര്‍ണമാല മോഷ്ടിച്ച കേസിലെ കള്ളനെ പോലീസ് പിടികൂടിയത് അതിസാഹസികമായി. കൊയിലാണ്ടിയിലെ സ്ഥിരം മോഷ്ടാവായ ചെറിയമങ്ങാട് പുതിയപുരയില്‍ ശ്രീജിത്താണ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കൊരയങ്ങാട് തെരു കൊമ്പന്‍ കണ്ടി ചിരുതേയിയുടെ സ്വര്‍ണമാല ഇയാള്‍ വീടിനുള്ളില്‍ കയറി പൊട്ടിച്ചെടുത്തത്. രാവിലെ ഏഴു മണിക്കായിരുന്നു സംഭവം. വീട്ടില്‍ ഉറങ്ങുകയായിരുന്ന ചിരുതേയിയുടെ വായ പൊത്തിപ്പിടിച്ച് ഒന്നര പവനോളം വരുന്ന മാല പൊട്ടിച്ചെടുക്കുയായിരുന്നു. സംഭവസമയത്ത് ചിരുതേയി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു.
തുടര്‍ന്ന് കൊയിലാണ്ടി പോലീസ് സംഭവസ്ഥലത്തെത്തുകയും വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് കള്ളനെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ ലഭിക്കുകയും അവ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. പിന്നാലെ ദൃശ്യങ്ങളിലുള്ള ആളെപ്പോലെ ഒരാളെ കണ്ടുവെന്ന് ഒരു സ്ത്രീ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൊബൈൽ ടവ്വർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇയാൾ കോഴിക്കോട് മാവൂര്‍ റോഡില്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇയാളെ പിടിക്കാനെത്തിയ പോലീസ് സംഘത്തിന് നേരെ ഇയാൾ അക്രമത്തിനു മുതിർന്നു. സംഭവത്തിൽ സമീപത്തുണ്ടായിരുന്ന പോലീസ് എയ്ഡ് പോസ്റ്റിന്റെ ചില്ലുകൾക്ക് കേടുപാടുകളുണ്ടായി. തുടർന്ന് പോലീസ് നടത്തിയ മല്‍പ്പിടുത്തത്തിലൂടെ അതിസാഹസികമായാണ് പ്രതിയെ പിടികൂടിയത്.
സി.ഐ.എം.വി.ബിജുവിൻ്റെ നേതൃത്വത്തിൽ എസ്.ഐ.അനീഷ്, എം.പി. ശൈലേഷ്, ബിജു വാണിയംകുളം, വനിതാ പോലീസ് ഉൾപ്പെടെയുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പാലക്കുളങ്ങരയിലും വീടിൻ്റെ വാതിൽ പൊളിച്ച് വീട്ടമ്മയുടെ 3 പവനോളം വരുന്ന സ്വർണ്ണമാല കവർന്നിരുന്നു, കൂടാതെ ആനക്കുളങ്ങരയിലും വീടിൻ്റെ വാതിൽ തകർത്ത് സ്ത്രീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്നിരുന്നു. ഈ മോഷണവും നടത്തിയത് ഇയാളാണെന്ന് പോലീസ് സംശയിക്കുന്നത്.