സ്വർണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് ഭഗവതിയുടെ പുറത്തെഴുന്നള്ളിപ്പ്, മേളപ്പെരുമഴയുമായി വാദ്യകലാകാരന്മാർ, പിഷാരികാവിൽ ഇന്ന് കാളിയാട്ടം; ചടങ്ങുകൾ അറിയാം


കൊയിലാണ്ടി: എട്ടു ദിവസം നീണ്ടു നിന്ന ആഘോഷത്തിമിർപ്പുകക്ക് ഇന്ന് കലാശക്കൊട്ട്.  കൊല്ലം പിഷാരികാവിൽ ജനങ്ങളെ അവശേപൂരത്തിൽ ആറാടിച്ച കാളിയാട്ട മഹോത്സവം ഇന്ന് സമാപിക്കും. ഭക്തിയും ആഘോഷവും ദൃശ്യംപെരുമയും അതിന്റെ ഉച്ചകോടിയിലെത്തും.

അപൂർവ്വമായ ആചാരവൈവിധ്യങ്ങളുടെ ഭക്തിനിർഭരമായ ചടങ്ങ് കാഴ്ചകളോടെ സമൃദ്ധമാണ് ഇന്നത്തെ കാളിയാട്ടം. വൈകുന്നേരം കൊല്ലത്ത് അരയന്റെയും വേട്ടുവരുടെയും തണ്ടാന്റെയും വരവുകളും മറ്റ് അവകാശ വരവുകളും ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും. സ്വർണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാന പുറത്ത് ഇന്ന് നാന്തകം എഴുന്നള്ളിക്കും.

ഉത്സവത്തിന്റെ അവസാന ദിവസമായ ഇന്ന് കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ പെയ്തിറങ്ങുന്നത് വാദ്യപ്പെരുമഴ. പാലച്ചുവട്ടിലേക്ക് നീങ്ങി ആചാരപ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം പിഷാരികാവിൽ പാണ്ടിമേളവിസ്മയം തീർക്കുന്നത് കലാമണ്ഡലം ശിവദാസമാരാരുടെ നേതൃത്വത്തിൽ വിദഗ്ദ്ധരായ മേളക്കാരുടെ സംഘമായിരിക്കും. പാണ്ടിമേളത്തോടൊപ്പം എഴുന്നള്ളത്തുമുണ്ടാകും.

പാണ്ടിമേളത്തിനു ശേഷം ആയിരത്തിരി തെളിയിക്കും. വ്രതശുദ്ധിയോടെ ഈഴവ സ്ത്രീകൾ ആയിരത്തിരി തെളിയിച്ച് ഭക്ത്യാദരപൂർവ്വം തലയിലേറ്റി നക്ഷത്ര തിളക്കത്തോടെ അരിക്കളം വലംവെച്ച് അതിൽ ചൊരിയുന്ന ചടങ്ങാണിത്.

ക്ഷേത്ര കിഴക്കെ നടയിലൂടെ ഊരുചുറ്റാനിറങ്ങി നിശ്ചിത സ്ഥലങ്ങളിലൂടെ ക്ഷേത്രത്തിലെത്തി രാത്രി 12.10ന് ശേഷം 12.40 നുള്ളിൽ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വാളകം കൂടും. രാത്രി ആകാശത്തു വിസ്മയ കാഴ്ചകളൊരുക്കി കരിമരുന്ന് പ്രയോഗത്തോട് കൂടിയാവും ഉത്സവം സമാപിക്കുക.