”കുഞ്ഞിനെ മൈതാനത്ത് ഇരുത്തി ഒരു സ്ത്രീ ഓടിപ്പോയി, 30-35 വയസ് തോന്നിക്കും”; അബിഗേല്‍ സാറയെ ആദ്യം കണ്ട ധനഞ്ജയ പറയുന്നു


കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന് കാണാതായ അബിഗേല്‍ സാറയെ ഒരു സ്ത്രീ മൈതാനത്ത് ഇരുത്തിയശേഷം ഓടിപ്പോവുകയായിരുന്നുവെന്ന് കുട്ടിയെ ആദ്യം കണ്ട ധനഞ്ജയ എന്ന പെണ്‍കുട്ടി. വാര്‍ത്തകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയുമാണ് കുട്ടിയെ തിരിച്ചറിഞ്ഞതെന്നും കുട്ടിക്കൊപ്പം ഒരു സ്ത്രീ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും പുരുഷന്മാരാരും ഇല്ലായിരുന്നുവെന്നും ധനഞ്ജയ പറഞ്ഞു.

കൊല്ലം എസ്.എന്‍ കോളേജ് വിദ്യാര്‍ത്ഥിയായ ധനഞ്ജയ കോളേജിലെ പരീക്ഷ കഴിഞ്ഞ് മൈതാനത്തിറങ്ങി നടന്നുവരുന്നതിനിടെയാണ് കുട്ടിയെ കാണുന്നത്.”മൈതാനത്തിലെ മരത്തിന് ചുവട്ടില്‍ ഇരുന്നപ്പോള്‍ ഒരു സ്ത്രീ കുഞ്ഞിനെ അവിടെ വച്ച് എഴുന്നേറ്റ് പോവുന്നത് കണ്ടു, കുറേ നേരം കഴിഞ്ഞിട്ടും സ്ത്രീ തിരിച്ചു വരാതെ ഇരുന്നപ്പോള്‍ കുഞ്ഞിനെ ഉപേക്ഷിച്ച് പോയതാണെന്ന് കരുതി. സ്ത്രീയെ കാണാഞ്ഞിട്ട് ഇന്നലെ കിട്ടിയ ഫോട്ടോ എടുത്ത് നോക്കി. അതു കണ്ടപ്പോഴാണ് കാണാതായ കുഞ്ഞിനെ പോലെ ഇരിക്കുന്നു. അവര്‌ എവിടെ പോയെന്ന് ചോദിച്ചപ്പോള്‍ പപ്പയെ വിളിക്കാന്‍ പോയതാണെന്ന് കുഞ്ഞ് പറഞ്ഞു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ആള്‍ പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ഏതാണ്ട് 30-35 വയസ് തോന്നിക്കുന്ന സ്ത്രീയായിരുന്നു. മഞ്ഞയും പച്ചയും കലര്‍ന്ന ചുരിദാറാണ് സ്ത്രീ ധരിച്ചതെന്നുമാണ് ധനഞ്ജയ മാധ്യമങ്ങളോട് പറഞ്ഞത്‌.

ഇന്നലെ വൈകിട്ട് നാലരയോടെ വീടിന് സമീപത്ത് നിന്ന് നാലംഘ സംഘം തട്ടിക്കൊണ്ടു പോയ അബിഗേല്‍ സാറ റെജിയെ ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെ കൊല്ലം ആശ്രമം മൈതാനത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നിന്നും പൊലീസ് സംഘം സ്ഥലത്തെത്തി കുട്ടിയെ കൊണ്ടുപോവുകയായിരുന്നു.