ഖാദി തുണിത്തരങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കും; 30 ശതമാനം റിബേറ്റുമായി കൊയിലാണ്ടിയിൽ ഖാദി മേള


കൊയിലാണ്ടി: ക്രിസ്തുമസ്സ്-പുതുവത്സര ഖാദി മേളയ്ക്ക് കൊയിലാണ്ടിയിൽ തുടക്കമായി. മേളയുടെ ജില്ലാ തല ഉദ്ഘാടനം കൊയിലാണ്ടി ഖാദി ഗ്രാമ സൗഭാഗ്യയില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട് നിര്‍വ്വഹിച്ചു. ഖാദിമേളയോട് അനുബന്ധിച്ച് ഡിംസബര്‍ 19 മുതല്‍ ജനുവരി മൂന്ന് വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ് ലഭിക്കും. സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 100000 രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭിക്കും.

ഖാദി ബോര്‍ഡിന് കീഴില്‍ പ്രവൃത്തിക്കുന്ന കൊയിലാണ്ടി, ചെറൂട്ടി റോഡ്, ബാലുശ്ശേരി അറപ്പിടീക, വടകര, പയ്യോളി, ഓര്‍ക്കാട്ടേരി , പേരാമ്പ്ര എന്നിവിടങ്ങളിലെ വില്‍പ്പനശാലകളില്‍ ഖാദി കോട്ടണ്‍, സില്‍ക്ക് തുണിത്തരങ്ങള്‍, മരച്ചക്കിലാട്ടിയ എള്ളെണ്ണ, നറുതേന്‍ എന്നിവ ലഭിക്കും.

വാര്‍ഡ് കൗണ്‍സിലര്‍ കെ ലളിത അധ്യക്ഷത വഹിച്ചു. ഖാദി ബോര്‍ഡ് മെമ്പര്‍ സാജന്‍ തൊടുക ആശംസകള്‍ നേര്‍ന്നു. പ്രാജക്ട് ഓഫീസര്‍ കെ ഷിബി സ്വാഗതവും അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ ജിഷ നന്ദിയും പറഞ്ഞു.

Summary: Khadi mela started at Koyilandy