കാപ്പാട് ചരിത്ര സ്മാരകത്തിന് 10 കോടി, കൊയിലാണ്ടി ഫയർ സ്റ്റേഷന് മൂന്ന് കോടി, മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിന് രണ്ടര കോടി, വേറെയും നിരവധി പദ്ധതികൾ; സംസ്ഥാന ബജറ്റിൽ കൊയിലാണ്ടിക്കായി പ്രഖ്യാപിച്ചത് ഇരുപത് കോടി രൂപ, വിശദമായി അറിയാം


കൊയിലാണ്ടി: രണ്ടാം എൽ.ഡി.എഫ് സർക്കാറിന്റെ 2023-2024 വർഷത്തെ സംസ്ഥാന ബജറ്റിൽ കൊയിലാണ്ടിക്കായി പ്രഖ്യാപിച്ചത് ഇരുപത് കോടി രൂപ. അഞ്ച് പദ്ധതികളിലായാണ് കൊയിലാണ്ടിക്ക് ഇരുപത് കോടി രൂപ നീക്കി വെച്ചത്. വൈദേശികാധിപത്യത്തിന്റെ ചരിത്രമുറങ്ങുന്ന കാപ്പാട് ചരിത്ര സ്മാരകം നിർമ്മിക്കാനായി പത്ത് കോടി രൂപ അനുവദിച്ചതാണ് ഇവയിൽ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം.

നിലവില്‍ ബ്ലൂ ഫ്ലാഗ് പദവി ലഭിച്ചിട്ടുള്ള ബീച്ചാണ് കാപ്പാട് കാപ്പാട് ബീച്ച്. ചരിത്ര സ്മാരകം ഉയരുന്നതിനൊപ്പം തീരദേശ ഹൈവേ നിര്‍മ്മാണം കൂടി പൂര്‍ത്തിയാവുന്നതോടെ ടൂറിസം രംഗത്ത് കാപ്പാടിന് വലിയ വളർച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മണ്ഡലത്തിലെ വിവിധ സ്കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാനായും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. പന്തലായനി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ (പഴയ കൊയിലാണ്ടി ഗേൾസ് സ്കൂൾ) ഹയർ സെക്കന്ററി വിഭാഗത്തിന് പുതിയ കെട്ടിടം നിർമ്മിക്കാനായി മൂന്നര കോടി രൂപയാണ് അനുവദിച്ചത്. നിലവിലെ ഹയർ സെക്കന്ററി വിഭാഗം കെട്ടിടം കാലപ്പഴക്കം കാരണം ശോചനീയാവസ്ഥയിലാണ്. ഇതിന്റെ സ്ഥാനത്താണ് പുതിയ കെട്ടിടം ഉയരുക.

പയ്യോളി നഗരസഭാ പരിധിയിലെ പ്രധാന സര്‍ക്കാര്‍ സ്കൂളായ കീഴൂര്‍ ഗവ.യു.പി സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കാനും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. രണ്ടര കോടി രൂപയാണ് കീഴൂർ ഗവ. സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാനായി അനുവദിച്ചത്.

മൂടാടി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ രണ്ടര കോടി രൂപ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ ടോക്കണ്‍ വെച്ചിട്ടുള്ള പ്രവൃത്തികളാണ് കീഴൂർ ഗവ. സ്കൂളിന്റെയും മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും പുതിയ കെട്ടിടങ്ങൾ. ഏഴുകുടിക്കല്‍ ഗവ.എല്‍.പി സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കാനും ഒന്നര കോടി രൂപ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.

മറ്റ് 13 പ്രവൃത്തികള്‍ക്ക് ടോക്കണ്‍ തുക നല്‍കികൊണ്ട് ബജറ്റില്‍ പരാമര്‍ശമുണ്ടാവുകയും ചെയ്തിട്ടുണ്ട്. കൊയിലാണ്ടി ഫയര്‍ സ്റ്റേഷന് മൂന്ന് കോടി , കാപ്പാട്-തുഷാരിഗിരി റോഡ് നവീകരണത്തിന് ഒരു കോടി, കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടത്തിനായി മൂന്ന് കോടി, കോരപ്പുഴ-കാപ്പാട്-പാറപ്പള്ളി- ഉരുപുണ്യകാവ്-തിക്കോടി ഡ്രൈവ് ഇന്‍ ബീച്ച്-മിനിഗോവ-സാന്‍ഡ് ബാങ്ക്സ് ടൂറിസം കോറിഡോറിനായി ഒരു കോടി , ചെങ്ങോട്ടുകാവ്-ഉള്ളൂര്‍കടവ് റോഡ് വീതികൂട്ടല്‍ പ്രവര്‍ത്തിക്ക് ആറര കോടി, പന്തലായനി കോട്ടക്കുന്നില്‍ കാലടി സര്‍വകലാശാലയുടെ ഭാഗമായി ഉന്നത വിദ്യഭ്യാസ മികവിന്റെ കേന്ദ്രത്തിന് ഒരു കോടി, ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍ സ്മാരക സൗത്ത് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന് അഞ്ച് കോടി, അകലാപ്പുഴ ടൂറിസം പദ്ധതിക്കായി ഒരു കോടി, കൊയിലാണ്ടി ഷീ ഹോസ്റ്റലിനാ രണ്ട് കോടി , കൊയിലാണ്ടി നഗരസഭയിലെ വലിയമലയില്‍ വെറ്റിനറി സര്‍വകലാശാലയുടെ ഉപകേന്ദ്രത്തിന് ഒരു കോടി, വന്മുഖം-കീഴൂര്‍ റോഡിന് ഒരു കോടി, അകലാപ്പുഴ-നെല്ല്യാടി പുഴയോര ടൂറിസം പദ്ധതിക്കായി അഞ്ച് കോടി എന്നീ പദ്ധതികളാണ് ബജറ്റില്‍ പരാമര്‍ശിച്ചിട്ടുള്ളത്.

നാടിന്റെ വികസന മുന്നേറ്റത്തിനായി എല്ലാവരുടെയും പിന്തുണ ഉണ്ടാവണമെന്ന് ബജറ്റിന്റെ പശ്ചാത്തലത്തിൽ എം.എൽ.എ കാനത്തിൽ ജമീല പറഞ്ഞു. ബജറ്റിൽ പരാമർശമുണ്ടായ പദ്ധതികൾക്ക് തുടര്‍വര്‍ഷങ്ങളില്‍ ഭരണാനുമതിക്കായി പരിശ്രമിക്കാന്‍ ബജറ്റിലെ പരാമര്‍ശങ്ങള്‍ സഹായകമാവുമെന്ന പ്രതീക്ഷയും എം.എൽ.എ പങ്കുവച്ചു. കാപ്പാട് ചരിത്രമ്യൂസിയം , പന്തലായനി ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍, കീഴൂര്‍ ഗവ. യു.പി സ്കൂള്‍, ഏഴുകുടിക്കല്‍ ഗവ. എല്‍.പി സ്കൂള്‍, മൂടാടി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പും എം.എൽ.എ നൽകി.