കേരള ബജറ്റ് 2023; സംസ്ഥാനത്ത് ഇന്ധന വില വര്‍ധിക്കും; പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ്


തിരുവനന്തപുരം: സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തോടെ കേരളത്തില്‍ പെട്രോള്‍- ഡീസല്‍ വില രണ്ട് രൂപ കൂടും. പെട്രോള്‍ ഡീസല്‍ എന്നിവക്ക് രണ്ട് രൂപ സാമൂഹ്യ സുരക്ഷ സെസ് വര്‍ധിപ്പിച്ചതോടെയാണ് സംസ്ഥാനത്ത് ഇന്ധനവില വര്‍ധനയ്ക്ക് കളമൊരുങ്ങിയത്. ഇതിലൂടെ അധികമായി 750 കോടി രൂപ സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ടിലേക്ക് പ്രതീക്ഷിക്കുന്നുവെന്നാണ് ധനമന്ത്രി പറഞ്ഞത്.

മോട്ടോര്‍ വാഹന സെസ് കൂട്ടി. രണ്ട് ലക്ഷം വരെ വരുന്ന മോട്ടോര്‍ വാഹനങ്ങളുടെ ഒറ്റത്തവണ നികുതിയില്‍ 2% വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഇതുവഴി 92 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

നിലവില്‍ കോഴിക്കോട് പെട്രോളിന് ലിറ്ററിന് 106.12 രൂപയും ഡീസലിന് 94.84 രൂപയുമാണ്.