തല്‍ക്കാലത്തേക്ക് പ്രശ്‌നപരിഹാരമായി; കാപ്പാട്- കൊയിലാണ്ടി തീരദേശപാത ഗതാഗത യോഗ്യമാക്കി


കാപ്പാട്: കടലാക്രമണത്തില്‍ തകര്‍ന്ന കാപ്പാട്-കൊയിലാണ്ടി തീരദേശപാത താല്‍ക്കാലികമായി ഗതാഗത യോഗ്യമാക്കി. റോഡ് തകര്‍ന്നയിടത്ത് താല്‍ക്കാലികമായി കരിങ്കല്‍ നിരത്തി റോഡ് ഗതാഗതയോഗ്യമാക്കുകയാണ് ചെയ്തിട്ടുള്ളത്. ടാറിങ് നടത്തിയിട്ടില്ലെങ്കിലും വാഹനങ്ങള്‍ക്ക് ഇതുവഴി പോകാമെന്ന് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ പറഞ്ഞു.

രണ്ടര വര്‍ഷത്തിനുള്ളില്‍ തുടര്‍ച്ചയായുണ്ടായ കടലേറ്റത്തെ തുടര്‍ന്ന് കാപ്പാട്- കൊയിലാണ്ടി തീരദേശ പാത പൂര്‍ണമായി തകര്‍ന്നതിനാല്‍ ഏറെക്കാലമായി ഇതുവഴി വാഹനങ്ങള്‍ കടന്നുപോകാറില്ലായിരുന്നു. ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കുപോലും പോകാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിലാണ് ഹാര്‍ബര്‍ എഞ്ചിനിയറിങ് വകുപ്പ് ഒന്‍പത് ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കി റോഡ് താല്‍ക്കാലികമായി ഗതാഗതയോഗ്യമാക്കിയത്. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലയുടെ ഇടപെടലിനെ തുടര്‍ന്നാണിത്.

ശാശ്വതമായി റോഡ് പുനര്‍നിര്‍മ്മിക്കാന്‍ വന്‍തുക ചെലവഴഇക്കണം. റോഡ് പൂര്‍ണമായി സംരക്ഷിക്കണമെങ്കില്‍ ശക്തമായ കടല്‍ഭിത്തി നിര്‍മ്മിക്കണം. ഇതിനെല്ലാം പ്രത്യേകം ഫണ്ട് കണ്ടെത്തേണ്ടിവരും. കാലതാമസമുണ്ടാകുമെന്നതിനാലാണ് താല്‍ക്കാലിക അറ്റകുറ്റപ്പണി നടത്തിയത്.