‘വിദ്യാഭ്യാസ, രാഷ്ട്രീയ, സാഹിത്യ മേഖലകളില്‍ ഒരേ പോലെ തിളങ്ങിയ ഉജ്ജ്വല വ്യക്തിത്വം’;ജോസഫ് മുണ്ടശ്ശേരി ആദര സദസ്സ് സംഘടിപ്പിച്ച് കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥശാല


കാഞ്ഞിലശ്ശേരി: കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥശാല ജോസഫ് മുണ്ടശ്ശേരി ആദര സദസ്സ് സംഘടിപ്പിച്ചു. ഗ്രന്ഥാലയം ഹാളില്‍ നടന്ന പരിപാടിയില്‍ കെ. ഭാസ്‌കരന്‍ മാസ്റ്റര്‍ അനുസ്മരണ ഭാഷണം നടത്തി.

വിദ്യാഭ്യാസ, രാഷ്ട്രീയ, സാഹിത്യ മേഖലകളില്‍ ഒരേ പോലെ തിളങ്ങിയ ഉജ്ജ്വല വ്യക്തിത്വമായിരുന്നു മുണ്ടശ്ശേരി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ മേഖലയില്‍ അദ്ദേഹം തുടങ്ങി വച്ച പരിഷ്‌കരണ പരിപാടികള്‍ എക്കാലവും സ്മരിക്കപ്പെടും.

സാഹിത്യ സഞ്ചാരത്തില്‍ അദ്ദേഹം തുടങ്ങി വച്ച രൂപ ഭദ്രതാ വാദം പില്‍ക്കാലത്ത് പുരോഗമന സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിച്ചു. ബോധി വയോജന വേദിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.

വയോജന വേദി പ്രസിഡണ്ട് പി.കെ. സദാനന്ദന്‍, കണ്‍വീനര്‍ എം.കെ. സ്വാമി ദാസന്‍, വി.എം ജാനകി തുടങ്ങിയവര്‍ സംസാരിച്ചു. മുണ്ടശ്ശേരി കൃതികളുടെ പ്രദര്‍ശനം, കവിതാലാപനം എന്നിവയും അരങ്ങേറി.