കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റും പ്രമുഖ സോഷ്യലിസ്റ്റുമായ കാഞ്ഞിക്കാവ് കുഞ്ഞിക്കൃഷ്ണന്‍ അന്തരിച്ചു


ഉള്ള്യേരി: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്ന കാഞ്ഞിക്കാവ് കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍ അന്തരിച്ചു. പ്രമുഖ സോഷ്യലിസ്റ്റായ അദ്ദേഹം ജനതാദള്‍ എസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.

ആദ്യകാല സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് 1954 ല്‍ രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്. കേരളത്തിലെ ആദ്യകാല സോഷ്യലിസ്റ്റ് നേതാക്കളില്‍, ഒട്ടുമിക്ക വ്യക്തികളുമായും അടുത്ത ബന്ധം പുലര്‍ത്തിയ നേതാവായിരുന്നു അദ്ദേഹം. അരങ്ങില്‍ ശ്രീധരന്‍, പി.വിശ്വംഭരന്‍, പി.യം കുഞ്ഞിരാമന്‍നമ്പ്യാര്‍ , കെ.കുഞ്ഞിരാമക്കുറുപ്പ്, എം.പി.വീരേന്ദ്രകുമാര്‍, കെ.ചന്ദ്രശേഖരന്‍ എന്നിവര്‍ ഇതില്‍ പെടുന്നു.

അദ്ധ്യാപക സംഘടനയുടെ സജീവ പ്രവര്‍ത്തകനായിരുന്നിട്ടുണ്ട്. കേരള സ്റ്റേറ്റ് ടീച്ചേഴ്‌സ് സെന്ററിന്റെ സ്ഥാപക മെമ്പറും, ആറ് വര്‍ഷക്കാലം ജനറല്‍ സെക്രട്ടറിയും ആയിരുന്നു. 50 വര്‍ഷത്തോളമായി സഹകരണ രംഗത്ത് പ്രവര്‍ത്തിച്ചുവരികയാണ്. രണ്ട് സഹകരണ സ്ഥാപനങ്ങളുടെ സ്ഥാപക പ്രസിഡന്റും, ഒരു സ്ഥാപനത്തിന്റെ ചെയര്‍മാനും മറ്റൊരു സ്ഥാപനത്തിന്റെ പ്രസിഡന്റുമാണ് .

കോഴിക്കോട് റീജിനല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റി (RTA) മെമ്പറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ധ്യാപക ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍, ടീച്ചിംഗ് ആന്റ് നോണ്‍ ടീച്ചിംങ്ങ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അക്കാഡമിക് കൗണ്‍സില്‍ അംഗം എന്നീ നിലകളിലും സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചു. കോഴിക്കോട് ജില്ലാ കൗണ്‍സില്‍ നിലവില്‍ വന്നപ്പോള്‍ അതിന്റെ പ്രഥമ വൈസ് പ്രസിഡന്റായും കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.