ജോലി തേടി മടുത്തോ? കോഴിക്കോട് ബീച്ചിൽ ഇന്ന് തൊഴിൽ മേള, ഒപ്പം അറിയാം മറ്റ് തൊഴിൽ അവസരങ്ങളും


കോഴിക്കോട്: തൊഴിൽ തേടുന്നവർക്കായി ഇന്ന് കോഴിക്കോട് ബീച്ചിൽ തൊഴിൽ മേള നടക്കും. ഒപ്പം വിവിധ ഒഴിവുകളെ കുറിച്ചും വായിക്കാം.

എന്റെ കേരളം പ്രദർശന മേളയിൽ ഇന്ന് തൊഴിൽ മേള

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന മേളയിൽ ഇന്ന് (മേയ് 18) തൊഴിൽ മേള. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്റർ വഴിയാണ് തൊഴിൽ അഭിമുഖത്തിനുള്ള അവസരം പ്രദർശന മേളയിൽ സംഘടിപ്പിക്കുന്നത്. ആറോളം സ്വകാര്യ സ്ഥാപനങ്ങളിലെ 200 ഒഴിവുകളിലേക്കാണ് അഭിമുഖം നടക്കുക.

എംപ്ലോയ്മെന്റ് സെന്ററിൽ നേരത്തെ പേര് രജിസ്റ്റർ ചെയ്തവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.
പ്രദർശന മേളയിലെ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് സ്റ്റാളിൽ ഉദ്യോഗാർഥികൾക്കായി എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയും രജിസ്ട്രേഷൻ നഷ്ടപെട്ടവർക്ക് പുതുക്കാൻ അവസരം നൽകിയും വിവിധ സേവനങ്ങളും നൽകി വരുന്നുണ്ട്.

അപേക്ഷ ക്ഷണിച്ചു

സ്ത്രീ ശാക്തീകരണം, സുരക്ഷ, സംരക്ഷണം എന്നിവ ഉറപ്പു വരുത്തുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിട്ടുളള മിഷൻ ശക്തി പദ്ധതി നടപ്പിലാക്കുന്നതിന് ജില്ലാ വനിതാ ശിശു വികസന ഓഫീസിനു കീഴിൽ ജില്ലാ ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമണിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: മെയ് 30 വൈകുന്നേരം 5മണി.
ഡിസ്ട്രിക്ട് മിഷൻ കോർഡിനേറ്റർ : യോഗ്യത : സോഷ്യൽ സയൻസസ്/ലൈഫ് സയൻസസ്/ന്യൂട്രീഷ്യൻ/ മെഡിസിൻ/ ഹെൽത്ത് മാനേജ്‌മെന്റ്/ സോഷ്യൽ വർക്ക് / റൂറൽ മാനേജ്‌മെന്റ് എന്നിവയിൽ ബിരുദം. സർക്കാർ മേഖലയിൽ / എൻ.ജി.ഒ കളിൽ സമാന മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. പ്രതിഫലം : 35000 രൂപ. അക്കൗണ്ട്സ് അസിസ്റ്റന്റ് – യോഗ്യത: അക്കൗണ്ട്സിൽ അല്ലെങ്കിൽ അക്കൗണ്ട്സ് വിഷയമായി വരുന്ന സമാന മേഖലയിൽ ബിരുദം/ഡിപ്ലോമ. സർക്കാർ മേഖലയിൽ / എൻ.ജി.ഒകളിൽ സമാന മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. പ്രതിഫലം : 22000 രൂപ.
അപേക്ഷകൾ ജില്ലാ വനിത ശിശു വികസന ഓഫീസർ, രണ്ടാം നില, ബി ബ്ലോക്ക്, സിവിൽ സ്റ്റേഷൻ, കോഴിക്കോട്, പിൻ-673020 എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0495-2370750, [email protected]

കൂടിക്കാഴ്ച

കല്ലായി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്‌.ടി മാത്തമാറ്റിക്സ് തസ്തികയിൽ താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച മെയ് 24ന് രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ നടക്കും. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം (പകർപ്പുൾപ്പെടെ) ഹാജരാകണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 – 2323962

അഭിമുഖം

കണ്ണൂർ ജില്ലയിലെ മത്സ്യഫെഡ് ബേസ് സ്റ്റേഷനിലേക്ക് മത്സ്യഫെഡ് സ്പെഷ്യൽ റൂൾസിലെ യോഗ്യതയുള്ള ഉദ്യാഗാർത്ഥികളെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രൊജക്റ്റ് ഓഫീസർ : യോഗ്യത- അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ള എം എഫ് എസ് സി, ബി എഫ് എസ് സി, എം എസ് സി (അക്വാട്ടിക് ബയോളജി ), എം എസ് സി (അപ്ലൈഡ് ഫിഷറീസ് ആൻഡ് അക്വാകൾച്ചർ), എം എസ് സി (അക്വാകൾച്ചർ ആൻഡ് ഫിഷറീസ് മൈക്രോബയോളജി), എം എസ് സി (അക്വാകൾച്ചർ ആൻഡ് ഫിഷ് പ്രോസസിംഗ്), എം എസ് സി (സുവോളജി) അല്ലെങ്കിൽ തത്തുല്യ യോഗ്യത.

അക്കൗണ്ടന്റ്: യോഗ്യത : അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ള ബി കോം ഡിഗ്രിയും അംഗീകൃത സ്ഥാപനത്തിൽ നിന്നുമുള്ള രണ്ട് വർഷത്തെ പ്രസ്തുത തസ്തികയിലെ പ്രവൃത്തി പരിചയവും.
താൽപ്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം മാപ്പിള ബേ ഫിഷറീസ് കോംപ്ലെക്സിലുള്ള മത്സ്യഫെഡ് കണ്ണൂർ ജില്ലാ ഓഫീസിൽ മെയ് 18ന് രാവിലെ 11 മണിക്ക് നേരിട്ടുള്ള അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0497 2731257