മേലടി ബ്ലോക്ക് പഞ്ചായത്ത് സാമൂഹ്യ ആരോഗ്യ കേന്ദ്രമടക്കം ജില്ലയിലെ അഞ്ച് ആരോഗ്യകേന്ദ്രങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍


കൊയിലാണ്ടി: ജില്ലയിലെ അഞ്ച് ആരോഗ്യ കേന്ദ്രങ്ങളിലെ ഐസൊലേഷന്‍ വാര്‍ഡുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. മേലടി ബ്ലോക്ക് സാമൂഹികാരോഗ്യ കേന്ദ്രം ഐസൊലേഷന്‍ വാര്‍ഡ്, ഓര്‍ക്കാട്ടേരി സി.എച്ച്.സി ഐസൊലേഷന്‍ വാര്‍ഡ്, നരിക്കുനി കുടുംബാരോഗ്യ കേന്ദ്രം ഐസൊലേഷന്‍ വാര്‍ഡ്, കുന്നുമ്മല്‍ ബ്ലോക്ക്പഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്ദ്രം ഐസൊലേഷന്‍ വാര്‍ഡ്, മുക്കം കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്റര്‍ ഐസൊലേഷന്‍ വാര്‍ഡ് എന്നിവയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്തത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു.

മേലടി ബ്ലോക്ക് പഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് അധ്യക്ഷത വഹിച്ചു. കാനത്തില്‍ ജമീല എം.എല്‍.എ വിശിഷ്ടാതിഥിയായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.പ്രസന്ന, സ്ഥിരം സമിതി അംഗങ്ങളായ മഞ്ഞക്കുളം നാരായണന്‍, ലീന പുതിയോട്ടില്‍, എം.എം.രവീന്ദ്രന്‍, തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ വി.എം.വീണ സ്വാഗതവും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പ്രകാശന്‍ നന്ദിയും പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് ഹെല്‍ത്ത് ഗ്രാന്റ് പ്രോജക്ടില്‍ വാങ്ങിയ ലാപ്‌ടോപ്, ഡെസ്‌ക്ടോപ്, പ്രിന്റര്‍ തുടങ്ങിയവ ആശുപത്രിക്ക് കൈമാറി.

മുക്കം കമ്മ്യുണിറ്റി ഹെല്‍ത് സെന്റര്‍ ഐസൊലേഷന്‍ വാര്‍ഡ് ഉദ്ഘാടന ചടങ്ങില്‍ ലിന്റോ ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുക്കം മുനിസിപ്പാലിറ്റി ചെയര്‍മാന്‍ പി.ടി.ബാബു, ഡെപ്യൂട്ടി ചെയര്‍ പേഴ്‌സണ്‍ കെ.പി.ചാന്ദിനി, ആരോഗ്യ സ്റ്റാന്‍ഡിങ്ങ് ചെയര്‍പേഴ്‌സണ്‍ പ്രജിത പ്രദീപ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് ചെയര്‍മാന്‍ സത്യനാരായണന്‍, കൗണ്‍സിലര്‍മാരായ മുഹമ്മദ് അബ്ദുല്‍ മജീദ്, വേണു കല്ലുരുട്ടി, അശ്വതി സനൂജ്, എം.ടി.വേണുഗോപാലന്‍, ഫാത്തിമ കൊടപ്പന എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ആലിക്കുട്ടി നന്ദി പറഞ്ഞു.

ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ നരിക്കുനി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിര്‍മ്മിച്ച ഐസൊലേഷന്‍ വാര്‍ഡ് ഉദ്ഘാടന ചടങ്ങില്‍ എം.കെ.മുനീര്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൗഹര്‍ പൂമംഗലം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പന്‍കണ്ടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി.ലൈല, മറ്റ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നിര്‍മ്മിച്ച ഐസൊലേഷന്‍ വാര്‍ഡിന്റെ ഉദ്ഘാടന ചടങ്ങില്‍ കെ.പി.കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ചന്ദ്രി അധ്യക്ഷത വഹിച്ചു. കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ റീത്ത, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് കക്കട്ടില്‍, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസസ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ലീബ സുനില്‍, കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് അംഗം മുരളി കുളങ്ങരത്ത്, കെ.കെ.സുരേഷ്, വി.രാജന്‍, അജിത നടേമ്മല്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.പി.സജിത, പി.ആര്‍.ഒ എന്‍.സിഗ്മ എന്നിവര്‍ സംസാരിച്ചു.

ഓര്‍ക്കാട്ടേരി സി.എച്ച്.സിയിലെ ഐസൊലേഷന്‍ വാര്‍ഡിന്റെ ഉദ്ഘാടന ചടങ്ങില്‍ കെ.കെ.രമ എം.എല്‍.എ, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗിരിജ എന്നിവര്‍ മുഖ്യാതിഥികളായി.