സപ്ലൈക്കോ വില വര്‍ധനവിലൂടെ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരും; വില വര്‍ധനവില്‍ പ്രതിഷേധിച്ച് കഞ്ഞഇവെച്ച് സമരവുമായി യൂത്ത് കോണ്‍ഗ്രസ്


കൊയിലാണ്ടി: സപ്ലൈക്കോ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കഞ്ഞി വെച്ച് സമരം നടത്തി. വിലവര്‍ധനവ് തടയാന്‍ പൊതുവിപണിയില്‍ ഇടപടേണ്ട സപ്ലൈക്കോ തന്നെ 13 ഇന സബ്‌സ്ഡി സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചതോടെ കേരളത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചു ഉയരുമെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ പറഞ്ഞു.

സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഈ വില വര്‍ദ്ധനവിലൂടെ ഉണ്ടായി കൊണ്ടിരിക്കുന്നതെന്നും ആയതിനാല്‍ വിലവര്‍ദ്ധനവ് പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡണ്ട് തന്‍ഹീര്‍ കൊല്ലം അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് മുരളി തോറോത്ത്, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെകട്ടറി എം.കെ.സായീഷ്, കെ.എസ്.യു സംസ്ഥാന സമിതി അംഗം ഏ.കെ.ജാനിബ്, മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് അരുണ്‍ മണമല്‍, കെ.വി. റീന, അജയ് ബോസ്, നഗരസഭാ കൗണ്‍സിലര്‍ എം.ദൃശ്യ, റംഷി കാപ്പാട്, ഷഫീര്‍ വെങ്ങളം, എം.പി ഷംമനാസ്, മുഹദ് നിഹാല്‍, രഞ്ജിത്ത് ലാല്‍, ബജീഷ് തരംഗിണി, അഭിനവ് കണക്കശ്ശേരി, സജിത്ത് കാവുംവട്ടം, ശ്രീജിത്ത്.ആര്‍.ടി എന്നിവര്‍ സംസാരിച്ചു.