സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം; സ്വാതന്ത്ര്യ സമര ചരിത്ര സ്മരണകളുണര്‍ത്തി ചേമഞ്ചേരിയില്‍ സജീഷ് ഉണ്ണി-ശ്രീജിത്ത് മണി സ്മാരക സേവാസമിതിയുടെ സ്വാതന്ത്ര്യ സന്ദേശയാത്ര


ചേമഞ്ചേരി: സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിക്കുന്നതിന്റെ ഭാഗമായി സജീഷ് ഉണ്ണി-ശ്രീജിത്ത് മണി സ്മാരക സേവാസമിതി സ്വാതന്ത്ര്യ സന്ദേശ യാത്ര സംഘടിപ്പിച്ചു. സമിതി മന്ദിരത്തില്‍ നിന്ന് റിട്ട. ലെഫ്. കേണല്‍ കെ.മാധവി ദേശീയപതാക കൈമാറിക്കൊണ്ട് യാത്ര ഉദ്ഘാടനം ചെയ്തു.

മുത്തുക്കുടകളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ സ്വാതന്ത്ര്യസമര സ്മരണകളുണര്‍ത്തുന്ന നിശ്ചലദൃശ്യങ്ങള്‍ യാത്രയില്‍ അണിനിരന്നു. വിമുക്തഭടന്മാരും ആബാലവൃദ്ധം ജനങ്ങളും യാത്രയില്‍ പങ്കെടുത്തു.

ജമ്മു കശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ധീരസൈനികന്‍ നായിബ് സുബേദാര്‍ എം.ശ്രീജിത്തിന്റെ സ്മൃതി മണ്ഡപത്തില്‍ യാത്ര സമാപിച്ചു. ജാഥാംഗങ്ങള്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ധീരസൈനികന്‍ ശ്രീജിത്തിന്റെ കുടുംബാങ്ങളെ സമിതി ആദരിച്ചു. മുന്‍ കേണല്‍ എം.ഒ.മാധവന്‍ നായര്‍, സമിതി ഭാരവാഹികള്‍ എന്നിവര്‍ സ്വാതന്ത്ര്യ സന്ദേശയാത്രയ്ക്ക് നേതൃത്വം നല്‍കി.