ജാതിമത വേർതിരിവുകൾക്ക് ഈ നാട്ടിൽ സ്ഥാനമില്ല; കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിന് അകമഴിഞ്ഞ പിന്തുണയുമായി കുറുവങ്ങാട് ജുമാ മസ്ജിദ് ഭാരവാഹികളെത്തി


കൊയിലാണ്ടി: ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ മനുഷ്യരെ വേർതിരിക്കുന്ന കാലത്ത് മതേതരത്വത്തിന്റെ സന്ദേശമുയർത്തി ഒരു പള്ളിയും അമ്പലവും. കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിന് എല്ലാ പിന്തുണയുമായി കുറുവങ്ങാട് ജുമാ മസ്ജിദ് ഭാരവാഹികൾ ക്ഷേത്രത്തിലെത്തി. ഊഷ്മളമായ സ്വീകരണമാണ് പള്ളി ഭാരവാഹികൾക്ക് ക്ഷേത്രത്തിൽ ലഭിച്ചത്.

ഇന്നും നാളെയും മറ്റന്നാളുമായാണ് കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവം നടക്കുന്നത്. ഈ ഉത്സവം നാടിന്റെ ഉത്സവമാണെന്ന് വിളിച്ചോതിക്കൊണ്ടാണ് ആഘോഷം ഗംഭീരമാക്കാനായി എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തുകൊണ്ട് പള്ളിയിൽ നിന്നുള്ളവർ എത്തിയത്.

കുറുവങ്ങാട് ജുമാ മസ്ജിദ് പ്രസിഡന്റ് കുഞ്ഞായൻ കുട്ടി, സെക്രട്ടറി പി.വി.മുസ്തഫ എന്നിവരുടെ നേതൃത്വത്തിലാണ് മസ്ജിദിന്റെ ഭാരവാഹികൾ ക്ഷേത്രത്തിലെത്തിയത്. ഇവരെ ഇരുകയ്യും നീട്ടി സ്വീകരിക്കാനായി മലബാർ ദേവസ്വം ബോർഡ് അംഗം കെ.ലോഹ്യയുടെ നേതൃത്വത്തിലുള്ള ക്ഷേത്ര ഭാരവാഹികൾ ഉണ്ടായിരുന്നു.

ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ ടി.കെ.വാസുദേവൻ, വിനീത ആർ.ഡി, സതീശൻ പി.കെ, രവി കെ.കെ എന്നിവരും ക്ഷേത്രാഘോഷ കമ്മറ്റി ഭാരവാഹികളായ ഷെനിറ്റ് ബാലാജി, പത്മനാഭൻ വി.വി എന്നിവരും ചേർന്ന് പള്ളി കമ്മറ്റി ഭാരവാഹികളെ സ്വീകരിച്ചു. കെ.ലോഹ്യ ക്ഷേത്രത്തിന്റെ സോവനീർ മസ്ജിദിന്റെ ഭാരവാഹികൾക്ക് കൈമാറി.

വർഗീയശക്തികൾക്ക് ഈ നാടിന്റെ മണ്ണിലും മനസ്സിലും ഇടമില്ല എന്ന് ഉറക്കെ വിളിച്ചോതുന്ന കുറുവങ്ങാട് നിന്നുള്ള ഈ സാഹോദര്യത്തിന്റെ കാഴ്ച ഏവരുടെയും മനസ് നിറയ്ക്കുന്നതായിരുന്നു.