കൊല്ലം കുന്ന്യോറമലയില്‍ ബൈപ്പാസ് നിര്‍മ്മാണത്തിനായി മണ്ണ് കയറ്റി പോകുകയായിരുന്ന ടിപ്പര്‍ ലോറി മറിഞ്ഞു (വീഡിയോ കാണാം)


കൊയിലാണ്ടി: കൊല്ലം കുന്ന്യോറമലയില്‍ ടിപ്പര്‍ ലോറി മറിഞ്ഞു. നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണ് കയറ്റി പോകുകയായിരുന്ന വാഗാഡ് കമ്പനിയുടെ ലോറിയാണ് വൈകീട്ട് ആറ് മണിയോടെ മറിഞ്ഞത്. നെഞ്ചിലും കൈക്കും പരിക്കേറ്റ ലോറി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുന്ന്യോറ മലയില്‍ എസ്.എന്‍.ഡി.പി കോളേജിന് സമീപമുള്ള കയറ്റം കയറുന്നതിനിടെയാണ് അപകടമുണ്ടായത്. കയറ്റത്തിന്റെ മുകളിലെത്തിയ ലോറിയുടെ എഞ്ചിന്‍ ഓഫാവുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടമായ ലോറി പിറകോട്ട് ഇറങ്ങിവരികയും മറിയുകയുമായിരുന്നു. പൊടിശല്യം ഇല്ലാതാക്കാനായി ഇവിടെ റോഡ് നനച്ചിടുന്നത് പതിവാണ്. ഇതാണ് ലോറി തെന്നി മറിയാന്‍ കാരണമായത്.

നാട്ടുകാരും വാഗാഡ് കമ്പനിയുടെ തൊഴിലാളികളുമാണ് രക്ഷാപ്രവര്‍ത്തനം നടത്തി ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് കമ്പനിയുടെ ക്രെയിന്‍ എത്തി ലോറി നിവര്‍ത്തി. സാരമായ തകരാറ് സംഭവിച്ചതിനാല്‍ ലോറി സ്ഥലത്ത് തന്നെയാണുള്ളത്. അനുവദിനീയമായതിലും അധികം മണ്ണുമായാണ് ലോറി സഞ്ചരിച്ചിരുന്നതെന്ന് നാട്ടുകാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

വീഡിയോ കാണാം: