പൊതുപരിപാടികള്‍ മാറ്റിവെക്കാന്‍ നിര്‍ദേശം; വടകരയില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പിന്‍വലിച്ചെങ്കിലും പൊതുവായ നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ ഭരണകൂടം


വടകര: നിപയെതുടര്‍ന്ന് വടകര താലൂക്കിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പിന്‍വലിച്ചെങ്കിലും ഇവിടങ്ങളില്‍ പൊതുവായ നിയന്ത്രണം തുടരുമെന്ന് ജില്ലാ ഭരണകൂടം. ഒക്ടോബര്‍ ഒന്നാം തിയ്യതിവരെ അത്യാവശ്യമല്ലാത്ത എല്ലാ പൊതുപരിപാടികള്‍ മാറ്റിവെയ്ക്കേണ്ടതും മാസ്‌ക്, സാനിറ്റെസര്‍ എന്നിവ നിര്‍ബന്ധമാക്കാനും സാമൂഹിക അകലം പാലിക്കാനും ജില്ലാ കളക്ടര്‍ എ.ഗീത പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

10 ദിവസത്തേക്കാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരീക്ഷണത്തിലുളളവര്‍, സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആളുകള്‍ എന്നിവര്‍ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്ന വരെ ക്വാറെന്റെനില്‍ കഴിയേണ്ടതുമാണ്.

കണ്ടെയ്ന്‍മെന്റ് സോണിലുളള എല്ലാ കടകളും രാത്രി എട്ട് മണി വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ബാങ്കുകളും ട്രഷറിയും ഉച്ചയ്ക്ക് രണ്ടുമണി വരെ പ്രവര്‍ത്തിക്കാം.