‘കുട്ടിയെ വിട്ടുകിട്ടണമെങ്കില്‍ 5 ലക്ഷം രൂപ വേണം’; കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍കോള്‍, കോള്‍ വന്നത് അമ്മയുടെ ഫോണിലേക്ക്


കൊല്ലം: കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിപ്പ് സംഘത്തിന്റെ ഫോണ്‍ കോള്‍. കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് ഒരു സത്രീ വിളിച്ചത്. കുട്ടിയെ വിട്ടു കിട്ടണമെങ്കില്‍ 5 ലക്ഷം വേണമെന്നാണ് സ്ത്രീ ആവശ്യപ്പെട്ടത്. കുട്ടി സുരക്ഷിതയെന്നും വിളിച്ച സത്രീ പറഞ്ഞു. ഫോണ്‍ കോളിന്റെ ആധികാരികത പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.

സഹോദരനൊപ്പം ട്യൂഷന് പോവുന്നതിനിടെ ഇന്ന് വൈകിട്ട് 4മണിയോടെയൊണ് ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അബിഗേല്‍ സാറ റെജിയെ ഒരു സംഘം തട്ടിക്കൊണ്ടു പോയത്. വെള്ള നിറത്തിലുള്ള ഹോണ്ട അമയിസ് കാറിലെത്തിയ നാലംഘ സംഘമാണ് തട്ടിക്കൊണ്ടു പോയത്. സഹോദരനെയും സംഘം തട്ടിക്കൊണ്ടു പോവാന്‍ ശ്രമിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ശ്രമം പരാജയപ്പെട്ടതോടെ സഹോദരനെ തള്ളിമാറ്റി അഭികേലിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.

വീട്ടുകാരുടെ പരാതിയില്‍ പൂയപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. സംസ്ഥാന വ്യാപകമായി പോലീസ് വാഹനങ്ങള്‍ പരിശോധിക്കുന്നുണ്ട്. എല്ലാം പോലീസ് സ്‌റ്റേഷനിലും വിവരം നല്‍കിയെന്ന് റൂറല്‍ എസ്പി അറിയിച്ചു.