‘കൊയിലാണ്ടി ട്രാഫിക് പോലീസ് സ്റ്റേഷൻ റോഡ് പണി ഏഴുമാസമായിട്ടും പൂര്‍ത്തികരിക്കാതെ അധികൃതര്‍’; കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഹാർബർ എൻജിനീയറിങ് ഓഫീസ് ഉപരോധിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി ട്രാഫിക് പോലീസ് സ്റ്റേഷൻ റോഡ് പ്രവർത്തി പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഹാർബർ എൻജിനീയറിങ് ഓഫീസ് കൊയിലാണ്ടി ടൗണ്‍ വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. 2023 മെയ് 11ന് പ്രവൃത്തി ഉദ്ഘാടനം ചെയ്ത റോഡിന്റെ പണി ഏഴുമാസത്തിലധികമായി പൂർത്തീകരിക്കാതെ പലവിധ കാരണങ്ങൾ പറഞ്ഞുകൊണ്ട് ഹാർബർ എൻജിനീയർ വിഭാഗം നീട്ടി കൊണ്ടുപോവുകയാണെന്നാണ് വാര്‍ഡ് കൗണ്‍സിലര്‍ പറയുന്നത്‌.

34.5 ലക്ഷം രൂപ ചെലവഴിച്ച് 560 മീറ്റർ നീളത്തിലാണ് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനം നടക്കേണ്ടത്. വീടുകളും ഷോപ്പുകളും കൊയിലാണ്ടി താലൂക്ക് ആശുപത്രിയും ട്രാഫിക് പോലീസ് സ്റ്റേഷനും വില്ലേജ് ഓഫീസും തണൽ ഡയാലിസിസ് സെന്ററും ലാബുകളും ഫാർമസികളും സാംസ്കാരിക നിലയവും കണ്ണൂർ സർവോദയ സംഘവും ഖൽഫാൻ, ഐസിഎസ് സ്കൂളുകളും പള്ളികളും അമ്പലങ്ങളും ഉൾപ്പെടെ ധാരാളം സ്ഥാപനങ്ങൾ ആണ് ഈ റോഡിന് ഇരുവശവും നിലകൊള്ളുന്നത്. ഹാർബറിലേക്കുള്ള പ്രധാന റോഡ് എന്ന രീതിയിലും ടൗൺ വാർഡിലെ പ്രധാനപ്പെട്ട റോഡ് എന്ന രീതിയിലും ബീച്ച് റോഡിന്റെ പ്രാധാന്യം വലുതാണ്.

റോഡിലെ പൊടിപടലം കാരണം ശ്വാസകോശ രോഗം ഉൾപ്പെടെ പലതരത്തിലുള്ള ശാരീരികമായ ബുദ്ധിമുട്ടുകളാല്‍ ജനം വലഞ്ഞിരിക്കുകയാണെന്നാണ് വാര്‍ഡ് കൗണ്‍സിലര്‍ പറയുന്നത്. അതോടൊപ്പം തന്നെ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ റോഡിന്റെ തകരാറുകാരണം ഓടിക്കാൻ പറ്റാത്ത അവസ്ഥയിലുമാണ്. ഉപരോധത്തെ തുടര്‍ന്ന് ഈ മാസം 29ന് റോഡിന്റെ പ്രവൃത്തി പുനരാരംഭിക്കുമെന്ന് ഹാർബർ എൻജിനീയർ വിഭാഗം കൗണ്‍സിലര്‍ക്ക് ഉറപ്പ് നല്‍കി. തുടര്‍ന്ന് ഇക്കാര്യം പേപ്പറില്‍ എഴുതി വാങ്ങിയതിനുശേഷമാണ് ഉപരോധം അവസാനിപ്പച്ചത്.

വാർഡ് കൗൺസിലർ എ.അസീസിന്റെ നേതൃത്വത്തില്‍ പി.പി യൂസഫ്, ബഷീർ അമേത്ത് മുഹമ്മദ്, ഹാരിസ് ലൈഫ് ലൈൻ, റഫീഖ് ആർ.എം, അബ്ദുള്ള കെ.വി, ഹാഷിം ബർഗൈവ, റഫീഖ് ബക്കാല, യൂസഫ്.കെ എന്നിവരാണ് ഉപരോധം സംഘടിപ്പിച്ചത്‌.